
കണ്ണൂർ: അതിമനോഹരമായ കടൽതീരത്തിന്റെ വൃത്തി സൂക്ഷിക്കാൻ നിതാന്ത ജാഗ്രതയോടെ കാവലിലാണ് അമ്പത്തിനാലുകാരനായ ഒരു ഓട്ടോ ഡ്രൈവർ. കണ്ണൂരിലെ ഏറ്റവും മനോഹരമായ കടൽതീരങ്ങളിലൊന്നായ തോട്ടട ബീച്ചിനെ അതിന്റെ തനിമയോടെ സംരക്ഷിക്കാനായുള്ള പോരാട്ടത്തിലാണ് ഗായകനും തബലിസ്റ്റും കലാകാരനും ജീവകാരുണ്യപ്രവർത്തകനുമായ തോട്ടട ആദികടലായി ക്ഷേത്രത്തിന് സമീപത്തു താമസിക്കുന്ന ആയാടത്തിൽ വിനീത്.
കടൽതീരത്ത് എന്നും ആറുമണിക്കെത്തുന്ന വിനീത് കടലോരങ്ങളിലും പൊഴിയിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കൂടുതൽ ശേഖരിക്കുന്നത്. തോട്ടട പുഴയിലൂടെ ഒലിച്ചുവരുന്നതും വീടുകളിൽ നിന്നും കടൽഭിത്തിയിൽ നിന്നും ഒലിച്ചുവരുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ,ചെരുപ്പുകൾ,ബാഗുകൾ,ഇലക്‌ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കും. ഇതിൽ.വിവാഹവീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ യാതൊരു മടിയുമില്ലാതെ കടൽതീരത്ത് ഉപേക്ഷിക്കുന്നവരുമുണ്ടെന്നു വിനീത് പറയുന്നു.
ഇങ്ങനെ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ കോർപറേഷൻ അധികൃതരുടെ സഹായത്തോടെ ബില്ലുനോക്കി തിരിച്ചെടുപ്പിച്ച അനുഭവവും ഉണ്ടെന്ന് വിനീത് പറയുന്നു.കഴിഞ്ഞ ഒരുമാസംകൊണ്ടു നൂറുചാക്ക് മാലിന്യങ്ങൾ വിനീത് ശേഖരിച്ചിട്ടുണ്ട്. ഇത് 600 കിലോയോളം വരും.കടൽതീരത്ത് ചാക്കുകളിൽ ശേഖരിച്ചിരിക്കുന്ന മാലിന്യം കണ്ണൂർ കോർപറേഷന്റെ ഹരിതകർമ്മസേനയ്ക്കു കൈമാറുമെന്ന് വിനീത് പറഞ്ഞു.
വട്ടക്കുളം ഗ്രാമികയെന്ന സാന്ത്വനം പ്രവർത്തനങ്ങൾ നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റും ശ്രീനാരായണ ഗുരു വായനശാല വൈസ് പ്രസിഡന്റുമാണ് വിനീത്. വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചാൽ തോട്ടടബീച്ചിന്റെ മനോഹാരിത ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളെത്തുമെന്നാണ് വിനീത് പറയുന്നത്. കടൽ മനുഷ്യന് വേണ്ടാത്ത വസ്തുക്കൾ ഉപേക്ഷിക്കേണ്ടസ്ഥലമല്ലെന്നും ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ തിരിച്ചു തീരത്തേക്ക് തള്ളുന്നതാണ് കടലിന്റെ ശീലമെന്നുമാണ് വിനീത് പറയുന്നത്.