
കാസർകോട്: പ്രീ പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ഓണറേറിയം നിഷേധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ പ്രീപ്രൈമറി സ്കൂളുകളിൽ ജോലി ചെയ്യുന്ന നാലായിരത്തോളം ജീവനക്കാർ പെരുവഴിയിൽ.പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശ പ്രകാരം ഈ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിതരായ പൊതുവിഭ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് ഓണറേറിയം നിഷേധിക്കാനും ജീവനക്കാരെ അംഗീകരിക്കാൻ കഴിയില്ലെന്നുമുള്ള നിലപാട് സർക്കാർ സ്വീകരിച്ചത്.
2012 ന് മുമ്പ് സർക്കാർ സ്കൂളുകളിലെ പ്രീപ്രൈമറി ക്‌ളാസുകളിൽ ജോലിക്ക് ചേർന്ന അദ്ധ്യാപകർക്കും ആയമാർക്കും സർക്കാർ ശമ്പളം നൽകിവരുന്നുണ്ട്. പത്തുവർഷം പൂർത്തിയായ അദ്ധ്യാപകർക്ക് 12500 രൂപയും ആയമാർക്ക് 7500 രൂപയുമാണ് നൽകുന്നത്. പത്ത് വർഷത്തിൽ കുറവുള്ള അദ്ധ്യാപകർക്ക് 12000 രൂപയും ആയമാർക്ക് 6500 രൂപയും ഓണറേറിയം നൽകുന്നുണ്ട്. ഇതാകട്ടെ ആയിരത്തോളം ജീവനക്കാർ മാത്രമാണുള്ളത്. 2012 ന് ശേഷമാണ് കൂടുതൽ ജീവനക്കാർ ഈ രംഗത്തേക്ക് കടന്നുവന്നത്. അതേസമയം എയ്‌ഡഡ് സ്കൂളുകളിലെ പ്രീപ്രൈമറി ജീവനക്കാർക്ക് സർക്കാർ ഇതുവരെ ഓണറേറിയം നൽകുന്നില്ല. ഭൂരിപക്ഷം സ്കൂളുകളിലും ഈ ജീവനക്കാർക്ക് വേതനം നൽകുന്നത് പി.ടി.എ കമ്മറ്റികളാണ്. പി.ടി.എ കമ്മറ്റികളുടെ വേതനം വളരെ തുച്ഛവുമാണ്. സർക്കാർ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ജീവനക്കാർ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തെ ഉണർത്തിയ സംവിധാനം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ഊർജ്ജം പകരുന്ന വിധത്തിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ചത് പൊതുവിദ്യാലയങ്ങളോട് ചേർന്ന് പ്രവർത്തനം തുടങ്ങിയ പ്രീ സ്കൂളുകളായിരുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് മുഴുവൻ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളോട് ചേർന്ന് പ്രീ-പ്രൈമറികൾ ആരംഭിക്കാനും ഈ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കാനും നടപടി തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ തകർക്കാൻ കൂടിയാണ് പി.ടി.എ കളുടെ സഹകരണത്തോടെ പ്രീ പ്രൈമറി സ്കൂളുകൾ തുടങ്ങിയതും പ്രോത്സാഹിപ്പിച്ചതും. എന്നാൽ 2012 ന് ശേഷം നിയമിതരായ അദ്ധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകേണ്ടതില്ലെന്ന ജനുവരി 22 ന് ഇറങ്ങിയ സർക്കാർ ഉത്തരവ് ഈ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് തിരിച്ചടിയാവുകയാണ്.
ബൈറ്റ്
പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകേണ്ടതില്ലെന്ന സർക്കാർ നിലപാട് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിലൂടെ ജീവനക്കാർ മാത്രമല്ല അവരെ ആശ്രയിച്ചു പ്രീ സ്കൂളുകളിൽ ചേർന്ന കുട്ടികളും വഴിയാധാരമാകും.
സുനിൽ കരിച്ചേരി (എ.കെ.എസ്.ടി.യു)