mdma

കാസർകോട്: റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസ് പരിശോധന കർശനമാക്കിയതോടെ കൊറിയർ, പാർസൽ സർവീസുകളെ മയക്കുമരുന്ന് മാഫിയ ദുരുപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കൊറിയർ സർവീസ് സ്ഥാപനങ്ങളെ നിരീക്ഷിച്ചുവരികയാണെന്ന് ഉന്നതപൊലീസുദ്യോഗസ്ഥർ വെളിപ്പെടുത്തി.

സംശയാസ്പദമായി കണ്ടാൽ പൊലീസിനെ വിവരമറിയിക്കണമെന്ന് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അയക്കുന്ന പാഴ്സലുകളിൽ മേൽവിലാസം കൃത്യമായിരിക്കുമെങ്കിലും പേര് വ്യാജമായിരിക്കും. പിന്നീട് കൊറിയർ ഓഫീസിൽ വന്ന് ഉടമസ്ഥരെന്ന വ്യാജേന പാഴ്സൽ കൈപ്പറ്റുന്നതാണ് മയക്കുമരുന്ന് ഇടപാടുകാരുടെ രീതി. കൂട്ടത്തിൽ ചില കൊറിയർ സർവീസുകൾ മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.

മംഗളുരു, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് എം.ഡി.എം.എ പോലുള്ള സിന്തറ്റിക്സ മയക്കുമരുന്നുകൾ എത്തുന്നത്. ചെറിയ ഗ്യാംഗുകളായാണ് ഇത്തരം മാഫിയകൾ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടർന്ന് പൊലീസ് സ്‌പെഷ്യൽ സ്‌ക്വാഡുകൾക്ക് രൂപം നൽകിയിട്ടുണ്ട്.


പരിശോധന കടുത്തപ്പോൾ പുതുവഴികൾ
നേരത്തെ ലഹരി വസ്തുകൾ കൂടുതലും മാഫിയകൾ കടത്തിയിരുന്നത് ട്രെയിൻ മാർഗമായിരുന്നു. എന്നാൽ ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും ഡോഗ് സ്‌ക്വാഡ് അടക്കം പരിശോധന തുടങ്ങിയതോടെ അതിർത്തി കടന്നെത്തുന്ന സ്വകാര്യ, ടൂറിസ്റ്റ് ബസുകളെ ആശ്രയിച്ചായി കടത്ത്. ഇവിടേയും പൊലീസ് പരിശോധന കടുപ്പിച്ചതോടെയാണ് കടത്തിന് പുതുവഴി തേടുന്നത്. കൊറിയർ വഴി വരുന്ന പാഴ്സലുകൾ പരിശോധിക്കൽ എളുമല്ല. കർണാടകയിൽ പഠനാവശ്യങ്ങൾക്കായി എത്തുന്ന യുവാക്കൾ വഴിയും കേരളത്തിലേക്ക് ലഹരി കടത്തുന്നുണ്ട്.

കടത്തിന് യുവാക്കൾ
ലഹരികടത്തുമായി ബന്ധപ്പെട്ട് കാസർകോട് അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും 30 വയസിന് താഴെയുള്ളവരോ വിദ്യാർത്ഥികളോ ആണ്.സിന്തറ്റിക് ലഹരി മരുന്നുകളാണ് ഇടപാടുകാരുടെ പുതിയ ട്രെൻഡ്. കാസർകോട് ജില്ലയിൽ മാത്രം കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിൽ 100 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. 110 പേരെ അറസ്റ്റ് ചെയ്തു.

ഡി.ജി.പിയുടെയും എ.ഡി.ജി.പിയുടെയും നിർദേശ പ്രകാരം സ്‌പെഷ്യൽ ഡ്രൈവ് നടന്നുവരികയാണ്. 20 ദിവസത്തിനുള്ളിൽ കൂടുതൽ കേസുകൾ പിടിക്കാനായി. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുസംഘം പൊലീസിന്റെ നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് എത്തുന്നത് തടയാൻ പരിശോധന കർശനമാക്കും.

വൈഭവ് സക്‌സേന (കാസർകോട് ജില്ല പൊലീസ് മേധാവി )

.