തലശേരി: തലശേരിയെ ഇന്ത്യൻ കായിക ഭൂപടത്തിന്റെ ഉയരങ്ങളിലെത്തിച്ച, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയം അടുത്ത മാസത്തോടെ കായികപ്രേമികൾക്കായി തുറക്കുമെന്നറിയുന്നു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏഴ് വർഷമായി സ്റ്റേഡിയം അടഞ്ഞുകിടക്കുകയായിരുന്നു. 13.5 കോടി രൂപ ചെലവഴിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. ഉദ്ഘാടനത്തിനായുള്ള അവസാനവട്ട പരിശോധനകൾക്കായി കഴിഞ്ഞദിവസം സ്‌പോട്‌സ് വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ ഇവിടം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ വർഷം തലശേരിയിലെത്തിയ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഈ വർഷം ജനുവരി ഒന്നിന് തന്നെ സ്റ്റേഡിയം നാടിന് സമർപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും നടന്നില്ല. സ്റ്റേഡിയത്തിലെ സജ്ജീകരണങ്ങൾ മുഴുവൻ ഇനിയും പൂർത്തിയായിട്ടില്ലാത്തതാണ് തടസം. സംരക്ഷണം ലഭിക്കാത്തതിനാൽ ഒരിക്കൽ പാതിവഴിയിൽ കരിഞ്ഞുണങ്ങിയ അലങ്കാര പുല്ലുകൾ വീണ്ടും വച്ചുപിടിപ്പിക്കും. സ്റ്റേഡിയം നടത്തിപ്പിന് കിഫ്ബി മോണിറ്ററിംഗ് കമ്മിറ്റി ഉടൻ രൂപവത്ക്കരിക്കാനും അതിനു ശേഷം സ്റ്റേഡിയത്തിലെ കെട്ടിടമുറികൾ ലേലം ചെയ്യാനും ധാരണയായിട്ടുണ്ട്. സ്റ്റേഡിയം നടത്തിപ്പിന്റെ മോണിറ്ററിംഗ് കമ്മിറ്റിയുടെ സാങ്കേതിക പ്രശ്‌നങ്ങൾ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് കായിക വകുപ്പ് സെക്രട്ടറി ശിവശങ്കർ അറിയിച്ചിരുന്നു. 6.72 ഏക്കർ ഭൂമിയിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് സ്റ്റേഡിയം ഉള്ളത്.
കരുത്തുറ്റ പാരമ്പര്യം
തലശേരിയെ രാജ്യത്തെ ക്രിക്കറ്റിന്റെ ഈറ്റില്ലമാക്കിയത് ഈ കളിക്കളമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പഴശ്ശിക്കെതിരായ യുദ്ധത്തിന് നേതൃത്വം നൽകാനെത്തിയ ബ്രിട്ടീഷ് സൈനിക മേധാവി ആർതർ വെല്ലസ്ലി സ്ഥിരമായി ക്രിക്കറ്റ് കളിച്ചത് ഇവിടെ വച്ചാണ്. കാണികളും കളിക്കളത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള താമസക്കാരുമായ, കടൽ തൊഴിലാളികളേയും, അലക്കുകാരേയും അദ്ദേഹം കളി പഠിപ്പിക്കുകയായിരുന്നു.
ആദ്യകേരള മന്ത്രിസഭയുടെ കാലത്താണ് ഈ ജനകീയ സ്റ്റേഡിയം ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിൽ കായിക മന്ത്രി ടി.വി.തോമസ് ഉദ്ഘാടനം ചെയ്തത്. ഒരു ഭാഗത്ത് ഫുട്ബാളും, മറുഭാഗത്ത് ഹോക്കിയും സ്ഥിരമായി കളിച്ചു പോന്നു. അതോടൊപ്പം ഈ കളി കഴിഞ്ഞുള്ള സമയങ്ങളിൽ ക്രിക്കറ്റും അരങ്ങേറി.
ജനകീയ സ്വഭാവം ബൗണ്ടറി കടത്തരുത്
സിന്തറ്റിക് ഗ്രൗണ്ട് പരിപാലനച്ചെലവ് മുന്നിൽകണ്ട് ഫീസ് ഈടാക്കാനുള്ള ആലോചനയുണ്ട്. കെട്ടിട വാടകയിൽ നിന്ന് ഇതിനുള്ള വരുമാനം കണ്ടെത്തണമെന്നാണ് കായിക പ്രേമികൾ ആവശ്യപ്പെടുന്നത്. പുതിയ കെട്ടിടങ്ങൾ ഗ്രൗണ്ടിലേക്ക് കടന്നുവന്നത് കൊണ്ട് സ്റ്റേഡിയം ചുരുങ്ങിയിട്ടുണ്ട്. ലെവൻസ് കോർട്ടിന് പകരം സെവൻസിലേക്ക് ഒതുങ്ങുമോ എന്ന സംശയവുമുണ്ട്.
എട്ട് ലൈനോട് കൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, വി.ഐ.പി ലോഞ്ച്, മീഡിയ റൂം, പ്ലെയേഴ്‌സ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്ന 3 നില പവലിയൻ കെട്ടിടമാണ് സ്റ്റേഡിയത്തിന്റെ മുഖ്യ ആകർഷണം.
അഡ്വ: എ.എൻ. ഷംസീർ എം.എൽ.എ