
കാസർകോട്: ഡി.സി.സി ഭാരവാഹികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാസർകോട്ട് അന്തിമ പട്ടികയ്ക്കുള്ള ചർച്ചകൾ സജീവം. ഈ മാസം 15 നകം ഡി.സി.സി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തുന്നതിന് അന്തിമ ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കാനാണ് കെ.പി.സി .സി പ്രസിഡന്റ് കെ.സുധാകരൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഡി.സി.സി പ്രസിഡന്റിന്റെ ഔദ്യോഗിക ലിസ്റ്റിന് പുറമെ മൂന്ന് ലിസ്റ്റുകൾ കാസർകോട് നിന്നും നേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ട്. പഴയ എ വിഭാഗത്തിനും ഐ.ഗ്രൂപ്പിനും പുറമെ മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ പ്രത്യേകമായും വെവ്വേറെ ലിസ്റ്റുകൾ നൽകിയിട്ടുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായി കഴിവും പ്രാപ്തിയുമുള്ളവരെ ഉൾപ്പെടുത്തി സമുദായ സമവാക്യവും പരിഗണിച്ചു ഭാരവാഹികളെ നിശ്ചയിക്കാനുള്ള നീക്കത്തിലാണ് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ശുപാർശ കൂടി ഉൾപ്പെടുത്തിയതായിരിക്കും ഡി.സി.സി പ്രസിഡന്റിന്റെ ഭാരവാഹി ലിസ്റ്റ്.
കാസർകോട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും പി.കെ.ഫൈസൽ പട്ടിക നൽകുന്നത്. ഡി.സി.സികളിൽ ജംബോ പട്ടിക അനുവദിക്കില്ലെന്നതിനാൽ ഭാരവാഹികളെ കണ്ടെത്തൽ നേതൃത്വത്തിന് ശ്രമകരമായ ജോലിയാണ്. നേരത്തെ പ്രമുഖ സ്ഥാനത്തുണ്ടായിരുന്ന പലരെയും തള്ളേണ്ടിയും വരും.
യുവനിരക്ക് പ്രാധാന്യം
അതേസമയം യുവനിര നേതാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയുള്ള ഭാരവാഹി ലിസ്റ്റായിരിക്കും കാസർകോട് നിന്ന് ഔദ്യോഗികമായി നേതൃത്വത്തിന് മുന്നിലെത്തുന്നത് എന്നാണ് സൂചന.പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, ഒരു ട്രഷറർ ,പത്ത് ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ 15 അംഗ ഭാരവാഹികൾ എന്നിവയിൽ ഡി.സി.സി നേതൃത്വം ഒതുക്കും. ഇതിന് പുറമെ 16 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും ഉണ്ടാകും. നിലവിൽ കാസർകോട് ഡി.സി.സിക്ക് നാല് വൈസ് പ്രസിഡന്റുമാരും 21 ജനറൽ സെക്രട്ടറിമാരും 25 കമ്മറ്റി അംഗങ്ങളുമുണ്ട്.