ചെറുവത്തൂർ : രണ്ടു വർഷങ്ങൾക്ക് മുമ്പ് നിർമ്മാണമാരംഭിച്ച ആറിൽ കടവ്- അച്ചാംതുരുത്തി പാലം പണി പൂർത്തിയായി. പാലം അടുത്ത മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഇതോടെ അച്ചാംതുരുത്തി നിവാസികൾക്ക് എരിഞ്ഞിക്കൽ പാലം കടക്കാതെ മടക്കര വഴി എളുപ്പത്തിൽ ചെറുവത്തൂരിലെത്താൻ കഴിയും.
തുടക്കത്തിൽ ഏറെ രാഷ്ട്രീയ വടം ലി നടന്ന പാലമാണ് വർഷങ്ങൾക്കു ശേഷം യാഥാർത്ഥ്യമായത്. ഇതോടെ അച്ചാംതുരുത്തി നിവാസികൾക്ക് പുറംലോകത്തെത്താൻ മൂന്നു പാലങ്ങളായി. ഉദ്ഘാടനത്തിനൊരുങ്ങിയ പാലത്തിന് നാല് സ്പാനുകളാണ് ഉള്ളത്. 70 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. കൂടാതെ ആറിൽകടവ് പാലം മുതൽ അച്ചാംതുരുത്തി അഴീക്കോടൻ വളവുവരെയും, ഓർക്കുളം വഴി മടക്കരയിലെത്താനുള്ള അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്. 2011 ൽ യു.ഡി.എഫ് സർക്കാർ ആണ് ആറിൽകടവ് പാലം ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് 3.30 ലക്ഷം അനുവദിച്ചത്. 2016ൽ പിണറായി സർക്കാർ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 12 കോടി രൂപ അനുവദിച്ചാണ് പാലം പണി ആരംഭിച്ചത്. പാലം നിർമാണം സംബന്ധിച്ച് തർക്കങ്ങളുണ്ടായതിനെ തുടർന്ന് എം. രാജഗോപാലൻ എം.എൽ.എ ജനകീയ സമിതി രൂപീകരിച്ച് 2020 ഫെബ്രുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. കൊവിഡ് കാലവും പ്രളയവും നിർമാണത്തെ മെല്ലെയാക്കിയെങ്കിലും രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി. നിരവധി വിനോദസഞ്ചാരികളെത്തുന്ന തീരദേശത്ത് പുതിയ പാലം കൂടി തുറക്കുന്നതോടെ വിപ്ളവകരമായ മാറ്റമുണ്ടാകുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
വികസനത്തിന് വഴി തെളിയിച്ച വിവാദം
നാലുഭാഗവും പുഴയാൽ ചുറ്റപ്പെട്ട അച്ചാംതുരുത്തി ദ്വീപിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ തോണി മാത്രമായിരുന്നു മാർഗ്ഗം. കടത്തുതോണികള്‍ മാത്രമുണ്ടായിരുന്ന നാട്ടുകാർ നിരന്തര അഭ്യർത്ഥനയെ തുടർന്ന് മൂന്ന് പാലങ്ങൾ പിറകെപിറകെയെത്തി. തുരുത്തിയിൽ നിന്ന് അച്ചാംതുരുത്തിയിലെത്താൻ എരിഞ്ഞിക്കീൽ പാലമാണ് ആദ്യം പണിതത്. പിന്നാലെ നീലേശ്വരം കോട്ടപ്പുറം പാലം വന്നു. ഇപ്പോൾ ആറിൽക്കടവ് പാലവും ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. എരിഞ്ഞിക്കീൽ പാലത്തിന് വേണ്ടി സി.പി.എമ്മും ആറിൽകടവ് പാലത്തിന് വേണ്ടി കോൺഗ്രസും തമ്മിൽ പരസ്പരം പോരടിച്ചിരുന്നു. . 1980ൽ എരിഞ്ഞിക്കീൽ പാലം പ്രവൃത്തി ആരംഭിച്ചതോടെ പ്രദേശത്തേക്കുള്ള ആദ്യ റോഡ് പാലം യാഥാർത്ഥ്യമായി.