കണ്ണൂർ: മുഴപ്പിലങ്ങാട് എക്‌സൈസ് നടത്തിയ വൻ ലഹരി വേട്ടയിൽ രണ്ട് യുവാക്കൾ പിടിയിലായി. കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദും സംഘവും മൊയ്തുപാലത്തിന് സമീപം ശനിയാഴ്ച നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ.എൽ 07 ബി.ടി 7020 സ്‌കാഡാ റാപ്പിഡ് കാറിൽ കടത്തുകയായിരുന്ന 288 സ്പാസിമോ പ്രോക്സിവോൺ പ്‌ളസ് എന്ന അതീവ മാരക ലഹരിഗുളികയുമായി മൊയ്തുപാലത്തിനു സമീപത്തെ കെ.കെ. ഹർഷദ് (35), എടക്കാട് ആദികടലായിയിലെ കെ. റെജിൽ (30) എന്നിവരെ പിടികൂടിയത്. എടക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. അനിലിന്റെ സാന്നിദ്ധ്യത്തിൽ പ്രതികളുടെ ദേഹ പരിശോധന നടത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

കാൻസർ രോഗബാധിതരിൽ വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഈ ഗുളികകൾ വ്യാപകമായി ലഹരിക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന്റെ ഉപയോഗം പലവിധ ശാരീരിക-മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ആളുകൾ പ്രത്യക്ഷത്തിൽ കണ്ടാൽ സംശയിക്കില്ലെന്ന പ്രതീക്ഷയിലാണ് ഉൻമേഷവും ഉൻമാദവും നൽകുന്ന ഈ മയക്കുഗുളിക പ്രതികൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്നത്.

പരിശോധനയ്ക്കായി തടഞ്ഞുനിർത്തിയപ്പോൾ കാറിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ എക്‌സൈസ് സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർ വി.പി ഉണ്ണികൃഷ്ണൻ, കെ. ഷജിത്ത്, സി. ദിലീപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എച്ച് റിഷാദ്, വി. സതീഷ്, കെ. രമിത്ത്, പി.വി ഗണേഷ് ബാബു,​ പി.വി ശ്യാം എന്നിവർ ചേർന്ന് സാഹസികമായി പിൻതുടർന്ന് പിടികൂടുകയായിരുന്നു. നിരവധി വി.ഐ.പി ഉപഭോക്താക്കളുടെ വിളികൾ ഇവർ അറസ്റ്റിലായതിനു ശേഷം ഇവരുടെ ഫോണുകളിൽ വന്നതായി എക്‌സൈസ് പറഞ്ഞു. പ്രതികളിൽ നിന്നും സ്ഥിരമായി മയക്കുമരുന്ന് വാങ്ങിയവരെ കുറിച്ചു വിവരം ലഭിച്ചതായി എക്‌സൈസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഉപഭോക്താക്കൾ ഉന്നതർ
സമൂഹത്തിൽ ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരാണ് ഇതിന്റെ ഉപഭോക്താക്കളിൽ ഏറെയും. അറിയപ്പെടുന്ന ബില്യാഡ്സ് കളിക്കാരനായ ഹർഷാദ് ആ നിലയിലും ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നു. ഷെഡ്യൂൾഡ് ഹൈ പ്രിസ്‌ക്രിപ്ഷൻ ഡ്രഗ്ഗായ ഈ ക്യാപ്‌സൂൾ ഒരു ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കുകയുള്ളു. പ്രതികൾ മംഗ്ളൂരിൽ ചെന്നു അനധികൃതമായി എട്ട് ക്യാപ്‌സ്യൂളുകൾ ഉള്ള ഒരു സ്ട്രിപ്പിന് കേവലം 67 രൂപ നിരക്കിൽ വാങ്ങി കൊണ്ടുവന്ന് സ്ട്രിപ്പിന് 800 മുതൽ 1000 രൂപ വരെയുള്ള നിരക്കിലാണ് കണ്ണൂർ, തലശേരി നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തുന്നത്. ഇങ്ങനെ വിൽപ്പനയ്ക്കായി കൊണ്ടുപോകും വഴിയാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളിൽ ഒരാളായ ഹർഷാദ് 2018ൽ ലഹരിഗുളിക ബൈക്കിൽ കടത്തവെ പിടിയിലായിട്ടുണ്ട്.