aaralam

ഇരിട്ടി: ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ എന്നിവർ ഇന്ന് രാവിലെ 10ന് ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വച്ച് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.

തുടർന്ന് ഫാമിലെത്തി വന്യജീവി ആക്രമണമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കും. വനം- പൊതുമരാമത്ത്- പട്ടികവർഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയും മന്ത്രിമാർക്കൊപ്പം ആറളത്തെത്തും. ആനമതിൽ, സൗരോർജ വേലി തുടങ്ങി വിവിധ തരത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്ന പദ്ധതികളാണ് ആറളത്ത് പരിഗണനയിലുള്ളത്.

ദിവസങ്ങൾക്ക് മുമ്പ് ആറളം ഫാമിൽ ചെത്തു തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രിമാരടങ്ങുന്ന സംഘം ഇവിടേക്ക് എത്തുന്നത്. അതെ സമയം നേരത്തെ മന്ത്രിമാർ ഫാം സന്ദർശിച്ച സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഉദ്യോഗസ്ഥർ അട്ടിമറിച്ചു എന്ന പരാതിയും മേഖലയിലുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന പദ്ധതികൾ സമയാസമയം നടപ്പിലാക്കിയിരുന്നുവെങ്കിൽ പുനരധിവാസ മേഖലയിലെ ജനങ്ങൾക്ക് സമാധാനപരമായി ഫാമിൽ ജീവിക്കാൻ കഴിയുമായിരുന്നുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്.