makkoottam

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആശ്വാസമേകി കൊണ്ടു മാക്കൂട്ടം ചുരം പാതയിലെ യാത്രാനിയന്ത്രണം പിൻവലിക്കാൻ കുടക് ഭരണകൂടം നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന. കൊവിഡ് വ്യാപനം തുടങ്ങിയത് മുതൽ കണ്ണൂർ ജില്ലയിൽ നിന്നും കുടകിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പാതയായ മാക്കൂട്ടം ചുരം പാതയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രണ്ടാംതരംഗത്തിൽ കേരളത്തിൽ ടി.പി. ആർ നിരക്ക് കുറഞ്ഞിട്ടും ഈ നിയന്ത്രണങ്ങൾ പിൻവലിക്കാൻ കർണാടക തയ്യാറായിരുന്നില്ല. കേരളത്തിൽ നിന്നും കർണാടകയിലേക്ക് മാക്കൂട്ടം ചുരം പാത വഴി പോകുന്നതിന് ആർ. ടി.പി.സി. ആർ പരിശോധന ഇപ്പോഴും വേണം.
രാജ്യത്ത് മറ്റൊരിടത്തും അന്തർസംസ്ഥാന യാത്രയിൽ ഇത്തരം നിയന്ത്രണങ്ങൾ ഇപ്പോൾ നിലവിലില്ലാത്തത് മലയാളി യാത്രക്കാരിൽ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു.രണ്ട് വാക്സിനെടുത്തവർക്ക് ഏതു സംസ്ഥാനത്തെ അതിർത്തിയും കടന്നു പോകാമെന്നിരിക്കേ മാക്കൂട്ടത്ത് മാത്രം ഇത്തരത്തിൽ ഒരു നിയന്ത്രണം തുടരുന്നതിനെതിരെ കുടക് ജില്ലയിൽ നിന്നു തന്നെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നിബന്ധനകൾ പിൻവലിക്കാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്.

എങ്ങുമില്ലാത്ത നിബന്ധന

കഴിഞ്ഞ ആറുമാസമായി തുടരുന്ന ആർ.ടി.പി.സി.ആർ നിബന്ധന ഇതുവഴി പോകുന്ന യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ. ടി .പി .സി .ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ചരക്കു വാഹന യാത്രക്കാർക്ക് ഏഴുദിവസത്തിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റുമാണ് ഇവിടെ വേണ്ടത്.
ഒരു ദിവസം ആയിരത്തിലധികം യാത്രക്കാരും ടൂറിസ്റ്റ് ബസുകളടക്കം അൻപതിലേറെ യാത്രാവാഹനങ്ങളും കടന്നു പോകുന്ന പാതയാണിത്. കർണാടകയുടെ ഏതാനും ചില ആർ ടി സി ബസുകളും ചെറു സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും മാത്രമാണ് ഇപ്പോൾ ഇതുവഴി കടന്നു പോകുന്നത്. ഇതെല്ലം കുടകിലെ ടൂറിസ്റ്റ് മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.മൂന്നാംതരംഗത്തിൽ കേരളത്തിലേക്കാൾ കൂടുതൽ ഒമിക്രോൺ കേസുകൾ കുടക് ജില്ലയിൽ റിപ്പോർട്ടു ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പുനർവിചിന്തനത്തിന് കുടക് ജില്ലാഭരണകൂടം തയ്യാറാകുന്നതെന്നാണ് സൂചന. നേരത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ കർണാടകയുടെ അടച്ചുപൂട്ടലിനെതിരെ അതിർത്തിയിൽ പ്രക്ഷോഭം നടത്തിയിരുന്നു.