ആലക്കോട്: നടുവിൽ ഏഴരക്കുണ്ടിലെ ശലഭങ്ങളുടെ ദേശാടനം നാട്ടുകാർക്ക് കൗതുകക്കാഴ്ചയാകുന്നു.
മഞ്ഞുമൂടിയ മലനിരകളിൽനിന്ന് അവ കൂട്ടമായി തണ്ണീർത്തടങ്ങളിലേക്കും മറ്റും പറന്നെത്തുകയാണ്.
നീരൊഴുക്ക് കടന്നുപോകുന്ന അരീക്കാമല, കുടിയാൻമല, ചെമ്പേരി പ്രദേശങ്ങളിലാണ് ശലഭങ്ങൾ കൂട്ടമായെത്തുന്നത്. വൈതൽമലയിൽനിന്ന് താഴേക്ക് പതിക്കുന്ന നീരൊഴുക്കിന്റെ തീരങ്ങളിലാണ് ശലഭക്കൂട്ടങ്ങളെത്തുന്നത്.
ഇത്തവണ വൈകിയാണ് ശലഭ ദേശാടനം തുടങ്ങിയത്. തണുപ്പുകാലത്തിൽ തുടങ്ങി വേനൽ തുടങ്ങുന്നതുവരെയാണ് ശലഭ ദേശാടനം നടക്കാറുള്ളത്. കഴിഞ്ഞ വർഷം ന്യൂനമർദം കാരണം മഴക്കാലം നീണ്ടതാണ് ദേശാടനം വൈകാൻ കാരണം. രണ്ടാഴ്ച മുതൽ ഒരുമാസംവരെയാണ് സാധാരണ ഇത്തരം ശലഭങ്ങളുടെ ആയുസ്. കുടകുമലനിരകളിൽനിന്നും പുറപ്പെടുന്ന ശലഭങ്ങളുടെ അടുത്ത തലമുറകളാവും വൈതൽമല വഴി താഴോട്ട് ഇറങ്ങുന്നത്.
പൂക്കളിറങ്ങി വരുംപോലെ ശലഭക്കൂട്ടങ്ങൾ. തെളിനീരിന്റെ വഴിയെ പറന്ന് ചതുപ്പുകളിലൂടെ മനംകവരുകയാണ് നടുവിൽ ഏഴരക്കുണ്ടിലെ ശലഭ ദേശാടനം.നീരൊഴുക്കിന്റെ തീരങ്ങളിലെ നനവുള്ള മണൽ ഊറ്റിയെടുക്കാനാണ് ശലഭങ്ങൾ എത്തുന്നത്. ശലഭങ്ങൾക്ക് ഇണചേരുന്നതിന് ആവശ്യമായ ഹോർമോൺ ഉണ്ടാവാനാണ് ഈ മണലൂറ്റൽ. ചില ശലഭങ്ങൾ അവയുടെ ലാർവ ആഹാരമാക്കുന്ന കരിങ്കുറിഞ്ഞി പൂവുതേടിയും മലയിറങ്ങാറുണ്ട്.
പ്രധാന അതിഥികൾ ഇവർ
ചോല വിലാസിനി, നീലക്കുടുക്ക, കോമൺ ആൽബട്രോസ്, ലെസർ ആൽബട്രോസ് ശലഭങ്ങളാണ് പ്രധാന അതിഥികൾ. നാലോ അഞ്ചോ ശലഭങ്ങളുള്ള ചെറുകൂട്ടങ്ങളായാണ് ഇവ കാണപ്പെടുന്നത്. പകൽ സമയങ്ങളിലാണ് ശലഭങ്ങളുടെ ദേശാടനം. തകരമുത്തി, മേപ്പ്, നാട്ടുകുടുക്ക, കൃഷ്ണ ശലഭം തുടങ്ങിയവയും ദേശാടനക്കൂട്ടങ്ങൾക്കൊപ്പം കാണാറുണ്ടെന്നു നാട്ടുകാർ പറയുന്നു.