കണ്ണൂർ: ഗർഭാശയ കാൻസർ പ്രതിരോധിക്കാനുള്ള ചെലവ് കുറഞ്ഞ ഇന്ത്യൻ നിർമ്മിത എച്ച്.പി.വി വാക്സിൻ ഉടൻ ലഭ്യമായി തുടങ്ങുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ എച്ച്.പി.വി വാക്സിൻ ഗവേഷണ വിഭാഗത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന്മാരായ ഡോ. ഹിറ്റ് ഷർമ്മയും എക്സിക്യൂട്ടിവ് ഡയറക്ടർകൂടിയായ ഡോ. ഉമേഷ് ഷാലിഗ്റാമും പറഞ്ഞു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന 'ഗർഭാശയഗള കാൻസറും എച്ച്.പി.വി വാക്സിനും അറിഞ്ഞിരിക്കേണ്ടതെല്ലാം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും.
നിലവിൽ ഇന്ത്യയിൽ കേരളത്തിലുൾപ്പെടെ ലഭ്യമായിട്ടുള്ളത് ഒരു ഡോസിനു 2500- 3000 രൂപ വരെ ചെലവ് വരുന്ന വിദേശ നിർമ്മിത വാക്സിനാണ്. ഇത് സാധാരണക്കാർക്ക് പ്രാപ്തമല്ലാത്തതിനാൽ വാക്സിന്റെ നേട്ടം ജനങ്ങളിൽ എത്താത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. 2030 ഓടെ ഗർഭാശയഗള കാൻസർ നിർമ്മാർജനം എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യ പ്രാപ്തിക്ക് എല്ലാ പെൺകുട്ടികളെയും വിവാഹപ്രായത്തിന് മുമ്പ് വാക്സിനേറ്റ് ചെയ്യേണ്ടതുണ്ട്.
സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അദ്ധ്യക്ഷത വഹിച്ചു. എം.സി.സി.എസ് മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ വിഷയാവതരണം നടത്തി. ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് മെഡിക്കൽ ഡയറക്ടർ ഡോ. സുചിത്ര സുധീർ, ഐ.എം.എ തലശേരി പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ, എം.സി.സി.എസ് വൈസ് പ്രസിഡന്റുമാരായ ഡോ. ബി.വി. ഭട്ട്, മേജർ പി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.