വിദ്യാനഗറിൽ ആറു കേസുകൾ രജിസ്റ്റർ ചെയ്തു
കാസർകോട്: ലഹരി മാഫിയയെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിനായി, മാരകശേഷിയുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് കാസർകോട് പൊലീസ്. ഇത്തരത്തിൽ വിദ്യാനഗർ പൊലീസ് ഇന്നലെ രജിസ്റ്റർ ചെയ്തത് ആറു കേസുകൾ.
മയക്കുമരുന്ന് വില്പന മാത്രമല്ല ഉപയോഗവും തെറ്റാണെന്ന നിയമത്തിലെ 27 (ബി) ആക്‌ട് പ്രകാരമാണ് പൊലീസ് ഇത്തരക്കാർക്കെതിരെ കേസെടുക്കുന്നത്. ഉപയോഗിക്കുന്നവർ കേസിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ടായാൽ വില്പന തളരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. മയക്കുമരുന്ന് ഉപയോഗിച്ചതിന് കേസിൽ കുടുങ്ങിയാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം നൽകുമെങ്കിലും പതിനായിരം രൂപ വരെ കോടതിക്ക് പിഴ ഈടാക്കാം.
കാസർകോട് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെയും ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും നിർദ്ദേശ പ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജ്, എസ്.ഐ പ്രശാന്ത് എന്നിവർ എം.ഡി.എം.എ ഉപയോഗിച്ചതിന് പിടികൂടി ചോദ്യം ചെയ്ത മുഹമ്മദ് സാജിദ് പുളിക്കൂർ, യാസർ അറഫാത് ഇസത് നഗർ, മുഹമ്മദ് സുഹൈൽ ചേരങ്കൈ, ആസിഫ് നെല്ലിക്കട്ടെ, മുഹമ്മദ് ഹുസൈൻ പന്നിപ്പാറ എന്നിവരുടെ പേരിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നായന്മാർ മൂലയിൽ നിന്നും എം.ഡി.എം.എയുടെ മൊത്ത വിൽപ്പനക്കാരിൽ ഒരാളായ നാലാം മൈൽ, റഹ്മത്ത് നഗർ, താജ് അപാർട്മെന്റിലെ അബ്ദുൽ മുനവ്വർ എന്ന മുന്ന (24)യെ 11 ഗ്രാം എം.ഡി.എം.എയുമായി ഞായറാഴ്ച പിടികൂടിയത്. മയക്കുമരുന്ന് മാഫിയയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഇൻസ്‌പെക്ടർ വി.വി മനോജിന്റെ നേതൃത്വത്തിൽ മുനവറിനെ ചോദ്യം ചെയ്തുവരികയാണ്. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടി കേസ് രജിസ്റ്റർ ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം.