drone
ഡ്രോൺ ഉപയോഗിച്ച് ലഹരിക്കെതിരെ നിരീക്ഷണം നടത്തുന്നു

തലശേരി: മയക്കുമരുന്നു മാഫിയയുടെ പിടിയിൽ ഭയത്തോടെ തലശേരിയും കേന്ദ്ര ഭരണ പ്രദേശമായ മാഹിയും. ചില കേസുകൾ പിടിക്കപ്പെട്ടെങ്കിലും, അന്തർ സംസ്ഥാന ബന്ധങ്ങളുള്ള വൻസ്രാവുകൾ നഗരത്തിൽ പട്ടാപ്പകലും വിലസുകയാണ്. ലഹരി ഉപയോഗം കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണലും പൊലീസ് ശക്തമാക്കുകയാണ്. എ.എസ്.പി വിഷ്ണു പ്രദീപിന്റെ നിർദ്ദേശത്തെത്തുടർന്ന് ഇൻസ്‌പെക്ടർ ലതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിപിൻ ടി.എം, ജയൻ, അനിൽകുമാർ എന്നിവർ ന്യൂമാഹി കടലോരം, കോളനി ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിവരികയാണ്. ലഹരി ഉപയോഗവും ചീട്ടുകളിയും കണ്ടെത്താനായിട്ടുണ്ട്.

എന്നാൽ, കടൽപാലം, റെയിൽവേ സ്റ്റേഷൻ പരിസരം, ട്രാഫിക് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള രഹസ്യകേന്ദ്രങ്ങൾ, പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട പെട്രോൾ പമ്പ്, ഗോപാലപേട്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിരവധി ഇടപാടുകാർ ഇരകളേയും കാത്തിരിക്കുന്നതായാണ് വിവരം.

പെരിങ്ങത്തൂർ അണിയാരം, എടക്കാട് ബൈപാസ് റോഡ്, മുഴപ്പിലങ്ങാട് ബീച്ചിന് സമീപം, ചാൽ എന്നിവിടങ്ങളിലെ നാലുപേർ കഴിഞ്ഞ നാല് വർഷത്തിനിടെ മയക്കുമരുന്ന് മാഫിയകളുടെ വലയിലായി കൊല്ലപ്പെട്ടുവെന്ന് പൊലീസും നാട്ടുകാരും പറയുന്നു. ഇവരുടെയെല്ലാം മരണത്തിൽ അന്വേഷണം നടന്നെങ്കിലും എവിടെയുമെത്തിയില്ല.

ഒരു കാലത്ത് മദ്യത്തിന്റെ പറുദീസയായിരുന്ന മയ്യഴി ഇപ്പോൾ മയക്കുമരുന്നിന്റെ വിളനിലം. ക്യാമ്പസുകളിലേക്കും, ചില ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലേക്കും ലഹരി പടർന്നുകയറുകയാണ്. മംഗളൂരു, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ് വൻതോതിൽ ലഹരി വസ്തുക്കൾ ഇവിടെ എത്തുന്നത്. പുതുതലമുറ മയക്കുമരുന്നായ എം.ഡി.എം.എ പ്രധാനമായും ഗോവ, ബംഗളൂരു ഭാഗങ്ങളിൽ നിന്നാണ് മാഹിയിലെത്തുന്നത്.

ബംഗളൂരുവിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾ കരിയർമാരാകുന്നു. മണമില്ല, ഉപഭോക്താക്കളെ പൊലീസുകാർക്ക് പോലും തിരിച്ചറിയാനാവില്ല. വാഹന പരിശോധനയിലും പെട്ടെന്ന് പിടിക്കപ്പെടില്ല. മാഹിയിലെ ഒരു പ്രമുഖ കലാശാലയിൽ ഒരു വിദ്യാർത്ഥിയിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തെങ്കിലും, കോളേജ് അധികൃതർ താക്കീത് ചെയ്ത് വിടുകയായിരുന്നു. ഇതേ കോളേജിൽ ഒരു വിദ്യാർത്ഥി കാമ്പസിന്നടുത്ത കുഴിയിൽ അബോധാവസ്ഥയിൽ വീഴുകയും, ചികിത്സ തേടുകയുമുണ്ടായി.

മംഗളൂരുവിൽ ₹5

തലശേരിയിൽ ₹40
ബോധവൽക്കരണം നടക്കുന്നത് പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയാണ്. ഇതാണ് പ്രധാനമായും പൊലീസ് പിടികൂടുന്നതും. കേരളത്തിലും മാഹിയിലും ഇവയ്ക്ക് സാങ്കേതികമായി നിരോധനമുണ്ട്. എന്നാൽ കർണാടകയിലും മറ്റും യാതൊരു നിയന്ത്രണവുമില്ല. പച്ചക്കറി വണ്ടികളിലും, ട്രെയിനുകളിലുമായി കയറിവരുന്നു. എന്നാൽ, മംഗളൂരുവിൽ 5 രൂപ മാത്രം വിലയുള്ള ഇവ തലശേരിയിലെത്തിയാൽ 40 രൂപ നൽകണം.

ഡ്രോൺ നിരീക്ഷണത്തിൽ പൊതു മദ്യപാനവും ചീട്ടുകളിയും ഉൾപ്പെടെ നിരവധി കേസുകൾ എടുത്തു. റെയ്ഡും കർശന വാഹന പരിശോധനയും വരുംദിവസങ്ങളിൽ ഉണ്ടാകും.

ന്യൂമാഹി എസ്.ഐ വിപിൻ