
കണ്ണൂർ:വില്ലേജ് ഓഫീസുകൾ സൗഹൃദമാക്കുന്നതിന് ജനകീയ സമിതികൾ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം. നേരത്തെ നിലവിലുണ്ടായിരുന്ന സമിതികളുടെ പ്രവർത്തനം നിലച്ചതിനെത്തുടർത്താണ് ഘടനയിലും പ്രവർത്തന രീതിയിലും മാറ്റം വരുത്തി ജനകീയസമിതികൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
2008 ൽ എൽ.ഡി.എഫ് സർക്കാരാണ് വില്ലേജുകളിൽ ജനകീയ സമിതിയുണ്ടാക്കിയത്. തുടർന്ന് 2017ൽ കണ്ണൂർ താലൂക്കിൽ തഹസിൽദാറുടെ നേതൃത്വത്തിൽ ജനകീയ സമിതികളുണ്ടാക്കി.കണ്ണൂർ താലൂക്കിലെ 28 വില്ലേജ് ഓഫീസുകളിലും ഇതിന്റെ ഭാഗമായി സോഷ്യൽ ഓഡിറ്റുകളും നടന്നു. ഓഫീസുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും ഈ സമിതികൾ കാര്യമായ പങ്കു വഹിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്താകെ വില്ലേജുകളിൽ ജനകീയ സമിതികൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ജനകീയ സമിതി
വില്ലേജ് ഓഫീസർ കൺവീനറായാണ് ജനകീയ സമിതി . എം.എൽ.എ അല്ലെങ്കിൽ പ്രതിനിധി, തദ്ദേശസ്ഥാപന അദ്ധ്യക്ഷൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഡെപ്യുട്ടി തഹസിൽദാർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർക്കാർ നോമിനേറ്റ് ചെയ്യുന്ന വനിതാ പ്രതിനിധി, സർക്കാർ നോമിനേറ്റ് ചെയ്യുന്ന പട്ടികജാതി,പട്ടികവർഗ പ്രതിനിധി എന്നിവരാണ് അംഗങ്ങൾ. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് സമിതി യോഗം ചേരും. ഇത് അവധി ദിവസമാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിർബന്ധമായും യോഗം ചേരണമെന്നും നിർദ്ദേശം.
ലക്ഷ്യം ജനകീയപങ്കാളിത്തം
ഭൂസംരക്ഷണ പ്രവർത്തനങ്ങളിലും ഭൂമി ഉപയോഗത്തിലും ജനകീയ പങ്കാളിത്തം
സർക്കാർ, സ്വകാര്യ ഭൂമിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക
 പൊതുജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് കാലതാമസമില്ലാതെ പരിഹാരം
വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക