
നടപടി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 വകുപ്പ് 20 പ്രകാരം
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മങ്ങാട് പ്രദേശത്ത് ചതുപ്പ് നിലം നികത്തിയതിന് 38 ലക്ഷത്തോളം രൂപ പിഴയൊടുക്കാൻ ജില്ലാ കളക്ടർ എ.ചന്ദ്രശേഖർ ഉത്തരവിട്ടു. മണ്ണ് മാന്തിയന്ത്രത്തിന്റെ ഉടമ ചൊക്ലി കവിയൂരിലെ കെ.മനോഹരനാണ് പിഴയൊടുക്കേണ്ടത്. ന്യൂമാഹി മങ്ങാട്ടെ പുത്തൻപുരയിൽ കാരായി രാഘവന്റെ ചതുപ്പ് നിലം നികത്തിയതിനാണ് പിഴ ചുമത്തിയത്.
ഭൂമി പൂർവ്വസ്ഥിതിയിലാക്കാൻ ഭൂവുടമയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ചതുപ്പ് നിലം മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിൽപ്പെട്ട ന്യൂമാഹി പൊലീസാണ് മങ്ങാട്ട് നിന്ന് മണ്ണ് മാന്തിയന്ത്രം പിടിച്ചെടുത്തത്.തുടർന്ന് മണ്ണ് മാന്തിയന്ത്രം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. 2021 ജൂൺ ഒമ്പതിന്റെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് ജില്ലാ കളക്ടർ വിഷയം പരിശോധിച്ച് നടപടിയെടുത്തത്.
വാഹന ഉടമ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പോലീസ് എസ്.എച്ച്.ഒ എന്നിവരുമായി ജില്ലാ കളകർ ഓൺലൈനായി വിശദമായ മൊഴിയെടുത്തു. ഇതിനും പുറമെ വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിരോടൊപ്പം ഡപ്യൂട്ടി കളക്ടർ (ഡി.എം) സ്ഥല പരിശോധന നടത്തി കാര്യങ്ങൾ ബോധ്യപ്പെടുകയും ചെയ്തു.നികത്തിയ സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും തൊട്ടടുത്ത് വെള്ളക്കെട്ട് നിലനിൽക്കുന്ന വസ്തുവാണെന്നും അനുമതിയില്ലാതെ നഞ്ചഭൂമിയിൽ മണ്ണിട്ട് നികത്തുമ്പോഴാണ് പോലീസ് യന്ത്രം പിടിച്ചെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. കൃഷി നശിച്ച് പോകുന്നതിനാലും വഴി ആവശ്യത്തിനുമാണ് വസ്തു നികത്തിയതെന്നുമായിരുന്നു സ്ഥല ഉടമയുടെ മൊഴി. സ്ഥലമുടമയുടെ ആവശ്യപ്രകാരം ഭൂമി നിരപ്പാക്കുക മാത്രമാണ് ചെയ്തതെന്നും പുറമെ നിന്ന് മണ്ണ് കൊണ്ട് വരികയോ പാടം നികത്തുകയോ ചെയ്തിട്ടില്ലെന്ന യന്ത്രത്തിന്റെ ഉടമയായ കരാറുകാരന്റെ വാദവും കണക്കിലെടുത്തില്ല.
നികത്തൽ വ്യാപകം
എൻ.എച്ച്. 66 (ബൈപ്പാസ്) മങ്ങാട് പ്രദേശത്ത് കൂടി കടന്ന് പോകുന്നതിനാൽ ഇതിനായി അക്വയർ ചെയ്ത വസ്തുവിൽ മണ്ണിട്ട് നികത്തുന്നതിന്റെ മറവിലാണ് പ്രദേശത്തെ വയലുകളും വെള്ളക്കെട്ടുകളും അനധികൃതമായി നികത്തിയത് ഈ വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചതായി വില്ലേജ് ഓഫീസർ ഇ.ആർ. ജയന്തി പറഞ്ഞു.ഇത് സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകളെല്ലാം ഉന്നതാധികൃതർ പരിശോധന നടത്തി ശരിവച്ചതാണെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
.പൊലീസ് പിടിച്ചെടുത്ത മണ്ണ് മാന്തി യന്ത്രത്തിന് നിശ്ചയിച്ച വിലയായ 15,08000 രൂപയുടെ ഒന്നര മടങ്ങ് തുക 15 ദിവസത്തിനകം പിഴയൊടുക്കി വാഹനം കൊണ്ടു പോകണം. അല്ലാത്തപക്ഷം വാഹനം കണ്ട് കെട്ടുമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്-വില്ലേജ് ഓഫീസർ ഇ.ആർ.ജയശ്രീ