തളിപ്പറമ്പ്: ദിവസവും 22മണിക്കൂർ വീതം നീണ്ട അറുപത് വർഷം പരിയാരം മെഡിക്കൽ കോളേജിന് ആവശ്യമായ വെള്ളം പമ്പുചെയ്ത കിണർ നഷ്ടമാകുന്നു. പരിയാരത്തെ ടി.ബി.സാനിട്ടോറിയത്തിന് വേണ്ടി 1961 ൽ നിർമ്മിച്ച കിണറാണ് ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇല്ലാതാവുന്നത്.
ഇന്നും 22 മണിക്കൂറോളം ഇവിടെ നിന്ന് വെള്ളം പമ്പുചെയ്യുന്നുണ്ട്. 1993 ൽ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ പുതിയ ജനറേറ്റർ സ്ഥാപിച്ചായിരുന്നു പമ്പ്ഹൗസ് പ്രവർത്തനം. ഇപ്പോഴും പ്രവർത്തിക്കുന്ന പമ്പ്ഹൗസ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതാവുന്നതോടെ മെഡിക്കൽ കോളേജിൽ ശുദ്ധജല സോതസായ കിണർ ഇല്ലാതാകും.
ബ്രിട്ടീഷുകാർ നിർമ്മിച്ച പരിയാരത്തെ ടി.ബി.സാനിട്ടോറിയത്തിന് ആദ്യകാലത്ത് രണ്ട് കിണറുകളാണ് ഉണ്ടായിരുന്നത്. ഇതിലൊന്ന് നിലവിലുള്ള മോർച്ചറിക്ക് സമീപവും മറ്റൊന്ന് ഔഷധിയുടെ തോട്ടത്തിലുമാണ്. പരിയാരം മെഡിക്കൽ കോളേജിന് വേണ്ടി വണ്ണാത്തിപ്പുഴയിൽ നിന്ന് പ്രത്യേകമായി പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. 1948 കാലത്ത് നിർമ്മിച്ച രണ്ട് കിണറുകൾ പോരാതെ വന്നതോടെയാണ് 1961 ൽ ദേശീയപാതക്ക് സമീപം ഏമ്പേറ്റ് വയലിൽ ഈ കിണർ നിർമ്മിച്ചത്. അക്കാലത്ത് സ്ഥിരമായി മുന്നൂറിലേറെ രോഗികൾ സാനിട്ടോറിയത്തിൽ അഡ്മിറ്റ് ചെയ്യപ്പെടാറുണ്ടായിരുന്നു. ഇതിൽ 200 പേരും ഒരു വർഷക്കാലമോ അതിന് മുകളിലോ ആശുപത്രിയിൽ കഴിയുന്നവരായിരുന്നു.
ജലദൗർലഭ്യം കൂടിയപ്പോഴാണ് ഏറ്റവും കൂടുതൽ ജലശേഖരം ഉള്ള ഏമ്പേറ്റ് വയലിന്റെ ഒരു ഭാഗത്തായി പമ്പ്ഹൗസും കിണറും പണിതത്. പമ്പ്ഹൗസ് നിർമ്മിക്കാനായി ഈഭാഗത്ത് സ്ഥലമുണ്ടായിരുന്ന സ്വകാര്യവ്യക്തി സൗജന്യമായാണ് അന്ന് ഭൂമി നൽകിയത്. തുടർച്ചയായി വെള്ളം പമ്പുചെയ്യണമെന്ന ഉദ്ദേശത്തോടെ ഏറ്റവും ആഴത്തിലും വീതിയിലുമായിരുന്നു നിർമ്മാണം. വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഉപരിതലം മുഴുവനായി കോൺക്രീറ്റ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കിണറിന് പ്രത്യേകമായി പമ്പ് ഓപ്പറേറ്ററേയും നിയമിച്ചിരുന്നു. രണ്ട് ഓപ്പറേറ്റർമാർ 24 മണിക്കൂറും ഇവിടെ ഡ്യൂട്ടിചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച പ്രവർത്തനക്ഷമതയുള്ള മൈയേർസ് ഇലക്ട്രിക്ക് പമ്പാണ് ഇവിടെ ഉപയോഗിച്ചത്. ഇന്നും അതു തന്നെയാണ് പ്രവർത്തിക്കുന്നത്. .