മാതമംഗലം: ഗ്രാമീണ കാർഷിക സംസ്‌കൃതിയുടെ പൈതൃകം വിളിച്ചോതി കണ്ണഞ്ചിപ്പിക്കും കാഴ്ചയായി മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്രാങ്കണം. 'നീലിയാർ കോട്ട'മെന്ന പേരിൽ പ്രസിദ്ധമായ ഇവിടെ, വർഷം തോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അടക്കകൊണ്ട് അലങ്കാര തൂണുകൾ ഉണ്ടാക്കുന്നത്.
20,000പഴുത്ത അടക്കകളാണ് ഇതിനായി എത്തിക്കുന്നത്. ഗ്രാമങ്ങളിലെ കവുങ്ങുകളിൽ നിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടയ്ക്കാ കുലകൾ പൊളിച്ച്, നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിർമാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തിൽ രണ്ടാംനാളിൽ അടക്കാതൂണുകളുടെ നിർമ്മാണം തുടങ്ങും. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടുന്ന സ്ത്രീകളാണ് മേൽനോട്ടം. അടക്കകൾ കുലയിൽ നിന്ന് പറിച്ചെടുത്ത്, തരംതിരിച്ച്, ചരടിൽ കോർത്ത്, ക്ഷേത്ര തൂണുകൾക്ക് വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്. കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ രാത്രിയോടെ പൂർത്തിയാകുന്ന ഈ പൊൻ മുത്തുപോലുള്ള പത്തു തൂണുകൾ, നാലാം നാളിൽ എത്തുന്നവർക്ക് നയനമനോഹര കാഴ്ചയാണ്. ഇത് ആസ്വദിക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും നിരവധി പേർ എത്താറുണ്ട്.
കളിയാട്ടത്തിന്റെ ഭാഗമായി ഇന്നു പുലർച്ചെ തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശം നടക്കും. 11 മണിക്ക് നീലിയാർ ഭഗവതിയുടെ തിരുമുടി നിവരും.