tsunami
ആൾ താമസമില്ലാത്ത മാടക്കാലിലെ സുനാമി വീടുകൾ

തൃക്കരിപ്പൂർ: സുനാമി പുനരധിവാസ പദ്ധതി പ്രകാരം വലിയപറമ്പയിലെ മാടക്കാലിൽ നിർദ്ധന കുടുംബങ്ങൾക്കായി കൈമാറിയ വീടുകളിൽ പകുതിയിലധികവും ആൾ താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്നു. സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ അപക്ഷ നൽകി നൂറുകണക്കിന് സാധാരണക്കാർ ഊഴം കാത്തു കഴിയുമ്പോഴാണ് ഒരു വ്യാഴവട്ടക്കാലമായി സർക്കാർ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച വീടുകൾ കാടു കയറി അനാഥാവസ്ഥയിലുള്ളത്.

13 വർഷത്തോളമായിട്ടും ഒരു പരിഹാരം കാണാൻ കഴിയാത്തത് ബന്ധപ്പെട്ട വകുപ്പിന്റെയും പഞ്ചായത്തധികൃതരുടെയും തികഞ്ഞ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. 2009 ജൂലായ് 31 നാണ് അന്നത്തെ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ബിനോയ് വിശ്വം സുനാമി പുനരധിവാസ പദ്ധതി പ്രകാരം തീരദേശ പാർപ്പിട പുനരധിവാസ പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചത്. സംസ്ഥാന ഭവന നിർമ്മാണ ബോർഡാണ് 20 വീടുകളും നിർമ്മിച്ചത്. ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിൽ അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. സ്വന്തമായി വിടുള്ളവർക്കാണ് വീണ്ടും വീടു നൽകിയതെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇവിടം ആളനക്കമില്ലാതായിട്ട് വർഷങ്ങളായെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. വീടിന്റെ മുൻ വശം മാലിന്യം കൂട്ടിയിട്ടും കാടു കയറിയും മാലിന്യങ്ങൾ കത്തിച്ച നിലയിലുമാണുള്ളത്.

മത്സ്യതൊഴിലാളികൾ വാടകവീടുകളിൽ

അധികം ദൂരമല്ലാത്ത സ്ഥലത്തെ സ്വകാര്യ ക്വാർട്ടേഴ്സിൽ 5000 രൂപ വരെ മാസവാടക നൽകി മത്സ്യ തൊഴിലാളികളടക്കം നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വർഷങ്ങളായി താമസമില്ലാത്ത സുനാമി വീടുകൾ പഞ്ചായത്തോ സർക്കാരോ ഏറ്റെടുത്ത് ചെറിയൊരു വാടകക്ക് താമസത്തിന് കൈമാറാൻ തയ്യാറായാൽ അത് പാവങ്ങൾക്ക് ഏറെ സഹായമാകുമെന്നാണ് പറയുന്നത്.

കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ അർഹത പ്പെട്ടവർക്ക് നൽകാൻ തീരുമാനിച്ചിരുന്നു. വലിയപറമ്പ് വില്ലേജ് ഓഫീസർ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായിട്ടില്ല.