ഇരിട്ടി :ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതിൽ നിർമ്മിക്കാൻ ഫാമിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനം. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ എന്നിവർ ആറളം ഫാം സന്ദർശിച്ച് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
ആറളംഫാം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജനപ്രതിനിധികളുമായും നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയുടെ പൊതുവികാരം മാനിച്ചാണ് ഈ തീരുമാനം.
യോഗത്തിൽ മന്ത്രിമാർക്ക് പുറമെ എം.എൽ.എമാരായ കെ.കെ.ശൈലജ , അഡ്വ.സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, സബ് കളക്ടർ അനുകുമാരി, അഡീഷനൽ പ്രിൻസിപ്പൽ സി.സി.എഫ് ഡോ. പി. പുഗഴേന്തി, വിദഗ്ധ സമിതി അംഗങ്ങളായ പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ.ബീന, കെ.വി.ഉത്തമൻ (വനം വകുപ്പ്), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, കണ്ണൂർ ഡി എഫ് ഒ പി.കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.
ആനമതിലിന് പിന്തുണ
ജനപ്രതിനിധികളും വിവിധ യൂനിയനുകളും സംഘടനകളും എല്ലാം ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് ആന മതിലാണ് അഭികാമ്യം എന്ന തീരുമാനം എടുത്തതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. നേരത്തെ 10 കിലോമീറ്ററിൽ ആന മതിൽ നിർമ്മിച്ചിരുന്നു. അതിന് ശേഷം അവശേഷിക്കുന്ന 10.5 കിലോ മീറ്ററിൽ കൂടി നിർമ്മിക്കുന്നതിന് ചില സാങ്കേതികത്വങ്ങൾ, നിർമ്മാണ കമ്പനിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ ഉണ്ടായി. കേസ് നിലനിൽക്കുന്നതിനാൽ ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്തി ആന മതിൽ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി സംരക്ഷണം പോലെ തന്നെ പ്രധാനമാണ് പൗരന്റെ സംരക്ഷണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. നടപടിക്രമങ്ങൾ ലഘൂകരിച്ച് പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ആറളത്ത് ഇനി ദൗത്യം : മന്ത്രി എം.വി.ഗോവിന്ദൻ
ആറളത്ത് ഇനി ആന ആരെയും കൊല്ലാൻ അനുവദിക്കരുതെന്ന ജനവികാരം മനസ്സിലാക്കി, ഫാമിലുണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം കണക്കിലെടുത്ത് ഒരു ദൗത്യം പോലെ, ജനാഭിപ്രായം കണക്കിലെടുത്താണ് പ്രശ്‌ന പരിഹാരത്തിന് തീരുമാനമെടുത്തതെന്ന് മ്രന്തി എം.വി. ഗോവിന്ദൻ യോഗത്തിൽ പറഞ്ഞു.