മാതമംഗലം: എസ്.ആർ അസോസിയേറ്റ്സിന്റെ തൊഴിൽ നിഷേധത്തിൽ പ്രതിഷേധിച്ച് 10ന് എരമംകുറ്റൂർ പഞ്ചായത്തിലെ മുഴുവൻ ചുമട്ടു തൊഴിലാളികളും സൂചനാ പണിമുടക്ക് നടത്തുമെന്ന് സി.ഐ.ടി.യു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽ നിഷേധത്തിനെതിരെ പേരൂൽ റോഡിലുള്ള എസ്.ആർ അസോസിയേറ്റ്സിനു മുന്നിൽ കഴിഞ്ഞ 48 ദിവസമായി ചുമട്ടു തൊഴിലാളികൾ സമരത്തിലാണ്. തിരിച്ചറിയൽ കാർഡ് ലഭിച്ച തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച് പുറമെനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിലാണ് പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതിയും പയ്യന്നൂർ ഡിവൈ.എസ്.പിയും ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും എസ്.ആർ അസോസിയേറ്റ്സ് ഉടമ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സൂചനാ പണിമുടക്ക് നടത്താൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.വി കുഞ്ഞപ്പൻ, എം.പി ദാമോദരൻ, കെ.എം ഷാജി, പി.വി ശങ്കരൻ, എം. പ്രകാശൻ, കെ. അബ്ദുള്ള, കെ. ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.