നീലേശ്വരം: മൂന്ന് വർഷം മുമ്പ് പണി ആരംഭിച്ച നീലേശ്വരം-ഇടത്തോട് റോഡും കിളിയളം - വരഞ്ഞൂർ റോഡും സമയബസിതമായി പൂർത്തീകരിക്കാൻ ഇന്നലെ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് ഹാളിൽ ചേർന്ന കോൺസ്റ്റിറ്റ്യൂവൻസി മോണിറ്റിംഗ് കമ്മറ്റി അവലോകന യോഗത്തിൽ തീരുമാനം.

താലൂക്ക് ആശുപത്രി - ചോയ്യങ്കോട് വരെയുള്ള റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവർത്തി ജൂൺ 30നുള്ളിൽ പൂർത്തീകരിക്കും.ഇതിന്റെ മുന്നോടിയായി വൈദ്യുതി തൂണുകളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും യുദ്ധകാലടി സ്ഥാനത്തിൽ പൂർത്തീകരിക്കും. ചോയ്യങ്കോട് മുതൽ കൂവാറ്റി വരെയുള്ള ജലനിധി പൈപ്പുകളുടെ പണിയും എത്രയും പെട്ടെന്ന് തീർക്കും.

താലുക്ക് ആശുപത്രി മുതൽ ചോയ്യങ്കോട് വരെയുള്ള റോഡിന്റെ മെക്കാഡംം ടാറിംഗ് പൂർത്തീകരിക്കുന്ന മുറക്ക് കോൺവെന്റ് മുതൽ താലുക്ക് ആശുപത്രി വരെയുള്ള റോഡിന്റെ ഭൂമി വിട്ടുകിട്ടുകയും ചെയ്താൽ ഇവിടെയും ജൂൺ 30 നകം റോഡ് മെക്കാഡം ടാറിംഗ് ചെയ്യും. കിളിയളം വരഞ്ഞൂർ റോഡിൽ കിളിയളം വളവിൽ ഭൂമി ഏറ്റെടുക്കാൻ പഞ്ചായത്ത് അധികൃതരും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും അടുത്ത് തന്നെ ചർച്ച ചെയ്ത് തീരുമാനത്തിലെത്തും.

കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിടത്തിന് 24 കോടി 59 ലക്ഷം രൂപയുടെയും ചുറ്റുമതിലിന് 50 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, വിവിധ വകുപ്പ് എൻജിനീയർമാരായ ആനന്ദ്, രാഖി, രാകേഷ്, പി. സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.