
കാസർകോട്ടെ വില്ലേജുകളിൽ നാളെ തുടങ്ങും
കണ്ണൂർ: പ്രതിഷേധം തുടരുന്നതിനിടയിലും കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള 11 വില്ലേജുകളിലെ സാമൂഹികാഘാത പഠനം അന്തിമഘട്ടത്തിലേക്ക്. മാടായി ഒഴികെയുള്ള വില്ലേജുകളിൽ സർവ്വെ ഏതാണ്ട് പൂർത്തിയായി. നാളെ മുതൽ കാസർകോട് ജില്ലയിലെ വില്ലേജുകളിൽ സർവ്വെ തുടങ്ങും.
കാസർകോട്, കണ്ണൂർ, കൊല്ലം, തൃശൂർ ജില്ലകളിൽ കോട്ടയം ആസ്ഥാനമായ കേരള വളണ്ടറി ഹെൽത്ത് സർവീസിനെയാണ് സാമൂഹ്യാഘാത പഠനത്തിന് ചുമതലപ്പെടുത്തിയത്.ജനപ്രതിനിധികളടക്കമുള്ള സംഘം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞുമാണ് പഠനം.
കണ്ണൂർ ജില്ലയിൽ 22 വില്ലേജുകളിലൂടെയാണ് സിൽവർലൈൻ കടന്നുപോകുന്നത്. പയ്യന്നൂർ മുതൽ ചിറക്കൽ വരെയുള്ള 11 വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ സാമൂഹ്യാഘാത പഠനം. പള്ളിക്കുന്ന് മുതൽ ന്യൂമാഹിവരെയാണ് രണ്ടാംഘട്ടം. പരിശീലനം ലഭിച്ച 25 വളന്റിയർമാരാണ് സംഘത്തിൽ. നൂറു ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും.
പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പർമാരുമടക്കമുള്ള ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തിയാണ് സംഘം ഭൂവുടമകളെ കാണുന്നത്. അവരിൽനിന്ന് ഭൂമിയും വീട് അടക്കമുള്ള കെട്ടിടങ്ങളും ജീവിതസാഹചര്യങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിയുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് സാമൂഹ്യാഘാത പഠനം.
ഭൂവുടമകളെ മുഴുവനായും കണ്ടശേഷം വില്ലേജുകളിൽ പബ്ലിക് ഹിയറിംഗും നടക്കും. ഇവിടെയും ജനങ്ങൾക്ക് അഭിപ്രായങ്ങൾ പറയാം. ഇതൊക്കെ ക്രോഡീകരിച്ചായിരിക്കും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.അതിനിടെ ചിറക്കൽ റെയിൽവെ ഗേറ്റിനു സമീപം കുറ്റിയിടൽ തടഞ്ഞ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതാക്കളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു നീക്കി.
ഭൂവുടമകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം
വിവരം കൈമാറുന്നത് തടയാൻ ചിലർ ഭൂവുടമകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് കേരള വളണ്ടിയറി ഹെൽത്ത് സർവ്വീസ് കോ ഓർഡിനേറ്റർ പറഞ്ഞു. പഠനസംഘത്തോട് ഒന്നും പറയേണ്ടെന്നാണ് ഇവർ നിർബന്ധിക്കുന്നത്. ഭൂമി സംബന്ധിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞാൽ എന്തോ അപകടം വരുമെന്ന നിലയിലാണ് ഇവരെ ധരിപ്പിച്ചിരിക്കുന്നത്. എല്ലാകാര്യങ്ങളും പറയുകയാണ് വേണ്ടത്. എന്നാലേ പ്രശ്നങ്ങൾ മനസിലാകൂ. പദ്ധതി വിവരങ്ങളും സ്ഥലമേറ്റെടുക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള സർക്കാർ നിർദേശങ്ങളും മറ്റും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അതത് പ്രദേശങ്ങളിലുള്ളവരാണ് പഠനസംഘത്തിലെ വളന്റിയർമാർ. അവർക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളാനാകുമെന്നും കോ ഓഡിനേറ്റർ പറഞ്ഞു.
ഭൂവുടമകളെ പരമാവധി നേരിട്ടുകാണാൻ സംഘം ശ്രമിക്കുന്നുണ്ട്. വയൽ ഭൂമിയുടെയും മറ്റും ഉടമസ്ഥർ താമസിക്കുന്നത് വിദൂരങ്ങളിലായതിനാൽ ഇവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. പദ്ധതിക്കായി നിർദേശിക്കപ്പെട്ട ഭൂമിയുടെ ഉടമകളല്ല എതിർപ്പുമായി വരുന്നത്-
സാജു വി. ഇട്ടി, കോ- ഓഡിനേറ്റർ,കേരള വളണ്ടിയറി ഹെൽത്ത് സർവ്വീസ്