
തൃക്കരിപ്പൂർ: മാടക്കാലിലെ സുനാമി പുനരധിവാസ കോളനിയിൽ വലിയപറമ്പ് പഞ്ചായത്തധികൃതർ പരിശോധനക്കെത്തി. ഇവിടെയുള്ള 20 വീടുകളിൽ പകുതിയോളം വീടുകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേരള കൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് വി.വി.സജീവൻ, വൈസ് പ്രസിഡന്റ് പി ശ്യാമള, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഖാദർ പാണ്ട്യാല, കെ. മനോഹരൻ, വാർഡ് മെമ്പർ താജുന്നിസ, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ എന്നിവരടങ്ങിയ ടീം മാടക്കാലിലെത്തിയത്.
നിലവിൽ എത്ര വീടുകളിൽ സ്ഥിര താമസമുണ്ടെന്ന് പ്രസിഡന്റും സംഘവും നേരിട്ടു പരിശോധന നടത്തി. 2009-ലാണ് സുനാമി പുനരധിവാസ പദ്ധതി പ്രകാരം വീടു പണിത് പഞ്ചായത്തിലെ 20 ഗുണഭോക്താക്കളെ കണ്ടെത്തി താക്കോൽ കൈമാറിയത്. സ്വന്തമായി വീടുള്ളവരാണ് സുനാമി വീടുകൾ കൈപ്പറ്റിയതെന്ന ആരോപണം അന്നുതന്നെഉയർന്നിരുന്നു. അന്ന് താക്കോൽ വാങ്ങിയ ചില കുടുംബങ്ങൾ ഒന്നോ രണ്ടോ മാസം താമസിക്കുകയും പിന്നീട് വീട് പൂട്ടി സ്ഥലം വിടുകയുമാണ് ചെയ്തത്.
നിലവിൽ ഏഴ് വീടുകളിൽ ആൾ താമസമില്ലെന്ന സൂചന ലഭിച്ചത്. ഈ വീടുകൾ ആരുടെതാണെന്ന് കണ്ടെത്തി അവരുടെ വിശദീകരണം നേടും. ഇതു സംബന്ധിച്ച കൃത്യമായ വിവരം താഹസിൽദാർ, കലക്ടർ എന്നിവർക്ക് കൈമാറും. അനധികൃതമായ ഒരു നടപടിക്കും കൂട്ടുനിൽക്കുകയില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പഞ്ചായത്തിലെ വീടില്ലാത്ത നിരവധി കുടുംബങ്ങളുണ്ട്. അവരെ കണ്ടെത്തി മാടക്കാലിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കൈമാറാനുള്ള നടപടികളിലേക്ക് കടക്കും-വി.വി.സജീവൻ, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്