പാപ്പിനിശേരി: റോബോട്ടിക്കുകളെ കാണുമ്പോൾ അതുപോലെ ഒരെണ്ണം ആഗ്രഹിക്കാത്ത കുട്ടികളുണ്ടാവില്ല. കുട്ടികളുടെ മനസ്സിലുണ്ടാകുന്ന ശാസ്ത്രീയ ആശയങ്ങൾ വികസിപ്പിക്കാനും ഗവേഷണപാടവം രൂപപ്പെടുത്താനും ടിങ്കറിംഗ് ലാബുകൾ ഒരുങ്ങുന്നു. സമഗ്രശിക്ഷ കേരള സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന 42 ലാബുകൾ മാർച്ചിനകം പൂർത്തിയാകും. ഒരു ജില്ലയിൽ മൂന്നെണ്ണം വീതമാണ് സജ്ജമാക്കുന്നത്.
കണ്ണൂർ ജില്ലയിൽ അരോളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച ലാബ് ഉദ്ഘാടനത്തിന് ഒരുങ്ങി. പ്രാപ്പൊയിൽ ഹവ. ഹയർസെക്കൻഡറി സ്‌കൂളിലും, ആയിത്തറ മമ്പറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും മാർച്ചോടെ പൂർത്തിയാകും. ജില്ലയിലെ മറ്റ് സ്‌കൂളുകളിലെ കുട്ടികൾക്കും ഇവിടെയെത്തി ലാബ് പ്രയോജനപ്പെടുത്താനാകും.ആറ് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ലാബുകൾ തയ്യാറാക്കുന്നത്.
സമഗ്രശിക്ഷാ കേരളം ഒരുക്കുന്ന ലാബുകളുടെ ചുമതല സ്‌കൂൾ മേധാവിക്കാണ്. 10 ലക്ഷം രൂപ വീതമാണ് ഓരോ ടിങ്കറിംഗ് ലാബിനുമായി ആദ്യഘട്ടത്തിൽ അനുവദിക്കുന്നത്. 1200 മുതൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള ഹാളിലാണ് ലാബ്.
സ്വയം പ്രവർത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ കിറ്റുകൾ, ത്രീഡി പ്രിന്റർ, റോബോട്ട് കിറ്റ്, ലാബ് ഫർണിച്ചറുകൾ, ലാബ് സജ്ജീകരണം എന്നിവയ്ക്കായാണ് 10 ലക്ഷം അനുവദിക്കുന്നത്. തുടർന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉള്ള ട്രെയിനിംഗുകൾ നടക്കും. ലാബ് സ്ഥാപിക്കുന്ന സ്‌കൂളിലെ രണ്ട് ഫിസിക്കൽ സയൻസ് അദ്ധ്യാപകർക്കാണ് ലാബിന്റെ ചുമതല. സഹായിക്കാൻ ഒരു ലബോറട്ടറി അസിസ്റ്റന്റുമുണ്ടാകും. ഇവർക്കൊക്കെ പ്രത്യേക പരിശീലനവും ഒരുക്കും.
നൂതന സംവിധാനങ്ങളായ കോഡിംഗ്, റോബോടിക്‌സ്, ത്രീഡി പ്രിന്ററുകൾ, സെൻസർ ടെക്‌നോളജി കിറ്റ് തുടങ്ങി ആധുനിക കാലത്തെ സംവിധാനങ്ങളെല്ലാം ലാബിൽ ഒരുക്കും. അവധിക്കാലങ്ങളിലും, വാരാന്ത്യഅവധി ദിവസങ്ങളിലും ടിങ്കറിംഗ് ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം.
ടിങ്കറിംഗ് ലാബുകൾ
നിർമ്മിതബുദ്ധി, നൂതനസാങ്കേതികവിദ്യാപ്രശ്‌നപരിഹാരം എന്നിവ പരിചയപ്പെടാനും പ്രയോഗിക്കാനുമുള്ള ഒരിടമാണ് ടിങ്കറിംഗ് ലാബുകൾ. കുട്ടികൾ വായനകളിലൂടെയും, ശാസ്ത്രക്ലാസ്സ് മുറികളിലും നേടുന്ന അറിവുകളും ക്രിയാശീലതയും പ്രയോഗത്തിൽ വരുത്താൻ ടിങ്കറിംഗ് ലാബുകൾ പ്രയോജനപ്പെടുത്താനാകും. നൂതനാശയങ്ങൾ വികസിപ്പിച്ചു സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്താം. കമ്പ്യൂട്ടേഷണൽ സ്‌കിൽ, ഫിസിക്കൽ കംപ്യൂട്ടിംഗ്, ദ്രുതഗണിത വിശകലനം, കോഡിംഗ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്താൻ സഹായകമാകും. ഇതോടൊപ്പം കുട്ടികളുടെ സ്വതന്ത്ര ഗവേഷണങ്ങൾ, നൂതന ആശയങ്ങളുടെ സ്വതന്ത്ര ആവിഷ്‌ക്കാരങ്ങൾ, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, മൽസരങ്ങൾ എന്നിവയ്ക്കായി ലാബുകളെ പ്രയോജനപ്പെടുത്താം.