hosdurg
ഹൊസ്ദുർഗ് പൊതു ശ്മശാനം

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് കോട്ടയിലുള്ള നഗരസഭയുടെ പൊതുശ്മശാനം തകർച്ചയുടെ വക്കിൽ. വർഷങ്ങൾക്ക് മുമ്പ് പണിത കെട്ടിടത്തിന്റെ തകരഷീറ്റുകൾ അടർന്നു തുടങ്ങി. ആധുനിക രീതിയിൽ ശ്മശാനം പുതുക്കിപ്പണിയാൻ പദ്ധതി തയ്യാറാക്കിയെങ്കിലും ഇതുവരെ പ്രവൃത്തിപഥത്തിലെത്തിയിട്ടില്ല.

ഒരേസമയം മൂന്നുപേരെ സംസ്‌കരിക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കിലും ഇപ്പോൾ ഒന്നു മാത്രമേ ഉപയോഗിക്കാനാകൂ. ശ്മശാനത്തിനകത്ത് വെള്ളവുമില്ല. മൃതദേഹം കുളിപ്പിക്കാൻ കുപ്പിവെള്ളം വാങ്ങിവരേണ്ട സ്ഥിതിയാണ്. ചുറ്റുപാടുമുള്ള സമുദായ ശ്മശാനങ്ങൾ വൃത്തിയിലും വെടിപ്പിലും നിലകൊള്ളുമ്പോൾ നഗരസഭയുടെ ശ്മശാനത്തിൽ പ്രാകൃതകാലത്തെ അനുസ്മരിക്കുന്ന തരത്തിലാണ് സംസ്‌കാരം. ഇവിടെ ഇപ്പോഴും വിറകുപയോഗിച്ചാണ് സംസ്‌കാരം നടക്കുന്നത്.

ചുമതല ആരോഗ്യ വകുപ്പിന്

ആരോഗ്യവകുപ്പിനാണ് ശ്മശാനത്തിന്റെ ചുമതല. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ഹെൽത്ത് സൂപ്പർവൈസറാണ്. കാഞ്ഞങ്ങാട്ട് കുറെകാലമായി പെൻഷൻപറ്റാനിരിക്കെയാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. അവരാകട്ടെ റിസ്‌കെടുക്കാൻ തയ്യാറാകാത്തതാണ് ശ്മശാനത്തിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കാഞ്ഞങ്ങാട് നിലവിലുള്ള ശ്മശാനവും അരയി, കുറുന്തൂർ എന്നിവിടങ്ങളിലും ആധുനിക രീതിയിൽ ശ്മശാനം പണിയുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കേണ്ടതുണ്ട്. ശുചിത്വമിഷൻ എത്രവേണമെങ്കിലും ഫണ്ട് അനുവദിക്കും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശ്മശാനം തന്നെ ഉണ്ടാക്കാൻ കഴിയും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുപോലെ പ്രവർത്തിക്കണം.

വി.വി രമേശൻ, മുൻ ചെയർമാൻ ഡി.പി.സി അംഗം

കഴിഞ്ഞ പത്തുവർഷമായി ശ്മശാനത്തിന്റെ കാര്യത്തിൽ നഗരസഭ ഒരു ശ്രമവും നടത്തിയിട്ടില്ല. താൻ കൗൺസിലറായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ശ്മാശാനത്തിന്റെ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള പൊതുശ്മശാനം കാഞ്ഞങ്ങാട്ട് അത്യന്താപേക്ഷിതമാണ്.

ടി.വി നാരായണ മാരാർ, മുൻ വാർഡ് കൗൺസിലർ

ശ്മശാനം അറ്റകുറ്റപ്പണിക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ പ്രവൃത്തി തുടങ്ങാനാകും.

ചെയർപേഴ്‌സൺ കെ.വി സുജാത, സെക്രട്ടറി റോയിമാത്യു