
കണ്ണൂർ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചിറകളൊന്നായ ചിറക്കൽ ചില നവീകരിക്കുന്നതിനൊപ്പം വൻ ടൂറിസം പദ്ധതിയും ശുദ്ധജല വിതരണപദ്ധതിയും വരുന്നു. നവീകരണം കഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട സമഗ്രപദ്ധതി സംസ്ഥാന സർക്കാരിനു മുൻപിൽ സമർപ്പിക്കും.നവീകരണം പൂർത്തിയായാൽ അമൃത് പദ്ധതി ഉൾപ്പെടെയുള്ള കേന്ദ്രസംസ്ഥാന സർക്കാർപദ്ധതികളുടെ സഹായവും തേടും.
കണ്ണൂർ നഗരത്തിലെ ജലസംരക്ഷണത്തിന് മുഖ്യപങ്കുവഹിക്കുന്ന ജലാശയമാണ് ചിറക്കൽ ചിറ.
അതുകൊണ്ടു തന്നെ ചിറ സംരക്ഷിക്കേണ്ടത് നഗരത്തിലെ കുടിവെള്ള ലഭ്യതയ്ക്കു പരമപ്രധാനമാണെന്നാണ് വിലയിരുത്തൽ. കോടികൾ മുടക്കി ചിറക്കൽ ചിറ നവീകരിക്കുന്നതിനൊപ്പം ചിറയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പാർക്കുകൾ, പൂന്തോട്ടങ്ങൾ, വാക്കിംഗ് വേ എന്നിവ നിർമ്മിക്കാനാണ് ആലോചിക്കുന്നത്.
ചിറക്കൽ ഗ്രാമപഞ്ചായത്തും ഡി.ടി.പി.സിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുകൂടാതെ ശുദ്ധജലക്ഷാമം നേരിടുന്ന കണ്ണൂർ നഗരത്തിന് ആശ്വാസമേകാൻ ചിറയിലെ ജലം ശുദ്ധീകരിച്ചു ഉപയോഗിക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ട്. പഴശി ഇറിഗേഷൻ ജലമാണ് കണ്ണൂർ നഗരത്തിൽ ഉൾപ്പെടെ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതാകാട്ടെ പൈപ്പുപൊട്ടൽ ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ടു മുടങ്ങുന്ന സാഹചര്യവുമുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ചിറക്കൽ ചിറയിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ചാൽ പുനരുപയോഗത്തിന് സാദ്ധ്യമാവുമോയെന്ന കാര്യവുംപരിശോധിക്കുന്നത്. പല കാരണങ്ങളാൽ തടസപ്പെട്ട ചിറക്കൽചിറ നവീകരണം വീണ്ടും തുടങ്ങാൻ കഴിഞ്ഞ ദിവസം കെ.വി. സുമേഷ് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു.
നവീകരണത്തിന് സമയക്രമം
കൃത്യമായ സമയക്രമം അനുസരിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം 15 മുതൽ ഏപ്രിൽ 15 വരെയാണ് നവീകരണം നടക്കുന്നത്.നവീകരണം 2.3 കോടി ചിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലാശയമായ ചിറക്കൽ ചിറയുടെ നവീകരണം 2020 ജനുവരിയിലാണ് തുടങ്ങിയത്. 2.3 കോടി രൂപയാണ് സർക്കാർ നവീകരണത്തിന് അനുവദിച്ചത്.
ചിറയിലെ ചെളി മുഴുവനെടുത്ത് വശങ്ങളിലെ ഭിത്തി കെട്ടുന്നതടക്കമുള്ള പ്രവൃത്തികളാണ് നടത്താൻ പോകുന്നത്. സമയബന്ധിതമായി പൂർത്തിയാക്കാനും ആഴ്ചയിൽ ഒരു തവണ പ്രവൃത്തി പരിശോധിക്കാനും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ.ഗോപകുമാറിനെ യോഗം ചുമതലപ്പെടുത്തി.
വരുന്ന മഴയ്ക്കു മുൻപായി ചിറക്കൽ ചിറ നവീകരണം പൂർത്തിയാക്കും. ഈക്കാര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ കരാറുകാരോട് പറഞ്ഞിട്ടുണ്ട്. പ്രവൃത്തി നീണ്ടുപോയാൽ സർക്കാരിന് നഷ്ടമുണ്ടായേക്കും. നവീകരണത്തിന് ശേഷം ടൂറിസം, കുടിവെള്ളപദ്ധതികളെ കുറിച്ചു ആലോചിക്കും-
കെ.വി സുമേഷ് എം.എൽ.എ