
കാസർകോട്: ചരിത്രത്തിൽ ഇടം നേടിയ നിരവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരത്തിന് ചരമഗീതം. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒപ്പുമരം ഇന്നലെ രാവിലെ എട്ടുമണിയോടെ മുറിച്ചുമാറ്റി.
പരമ്പരാഗത സമരങ്ങളെ അട്ടിമറിച്ച പ്രകൃതിയും മനുഷ്യജാലങ്ങളും അതിജീവനം ആവശ്യപ്പെട്ട പുതിയ സമരവഴികളുടെ ഭാഗമായാണ് 10 വർഷം മുമ്പ് ഒപ്പുമരം ഉണ്ടായത്. കാസർകോടിന്റെ ചുവടുപിടിച്ചു തലസ്ഥാന നഗരിയിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും ഒപ്പുമരം സൃഷ്ടിക്കപ്പെട്ടു. 2011 ലെ സ്റ്റോക്ക് ഹോം കൺവെൻഷനിൽ എൻഡോസൾഫാൻ നിരോധിച്ചപ്പോൾ കേരളത്തിൽ അത് സാധ്യമാക്കാനുള്ള ആലോചനയിൽ നിന്നാണ് ഒപ്പുമരം എന്ന ആശയം ഉടലെടുത്തത്. കടുത്ത പ്രക്ഷോഭത്തെ തുടർന്ന് ആഗോളതലത്തിൽ നിരോധനം നടപ്പിലായി. 2010 ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ച നഷ്ടപരിഹാരത്തിനു മുമ്പുള്ള ആശ്വാസധനം അഞ്ചു ലക്ഷം രൂപ വരെ കൊടുത്തു തീർക്കാനുള്ള സുപ്രീം കോടതി വിധി വന്നതിലും ഒപ്പുമരം പ്രധാന പങ്കുവഹിച്ചു.
വിദ്യാർത്ഥികൾ, അമ്മമാർ, എഴുത്തുകാർ, സാംസ്‌കാരിക പ്രവർത്തകർ എല്ലാം സമരം നയിച്ചത് ഇവിടെ ഒത്തുകൂടിയാണ്. കുടക് സ്വദേശിനിയായ സഫിയ എന്ന പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടായിരുന്നു ഇവിടത്തെ ആദ്യത്തെ സമരം. എൻഡോസൾഫാൻ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളാണ് ഒപ്പുമരച്ചുവട്ടിൽ നടന്നത്. ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് മാസങ്ങളോളം സത്യാഗ്രഹവും നടന്നു. എയിംസ് കാസർകോടിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും ഒപ്പുമരച്ചുവട്ടിൽ സമരപരിപാടികൾ നടത്തിയിരുന്നു. എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ അണിനിരന്ന സമരവും ഇവിടെ നടന്നു. സി.പി.എം, ലീഗ്, കോൺഗ്രസ് തുടങ്ങി നിരവധി രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടികളും ഒപ്പുമരച്ചുവട്ടിൽ നടന്നു. കാസർകോട് ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റങ്ങൾക്കെല്ലാം സാക്ഷിയായ മരമാണ് വിസ്മൃതിയിലായത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ എത്തുന്നവർ ആശ്രയിക്കുന്ന തണൽമരം കൂടിയാണ് നഷ്ടമായത്.
പടം....മുറിച്ചുമാറ്റിയ ഒപ്പുമരത്തിന്റെ ശിഖരങ്ങൾ