തളിപ്പറമ്പ: തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്ഥാപിക്കുന്ന ജില്ലാ ജയിലിന്റെ നിർമ്മാണം വൈകുന്നതിൽ സംസ്ഥാന ജയിൽ ഹെഡ്ക്വാർട്ടേർഴ്സ് ഡി.ഐ.ജിയ്ക്ക് അതൃപ്തി രേഖപ്പെടുത്തി. പ്രതീക്ഷിച്ച പ്രവൃത്തിയുടെ നാൽപ്പത് ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായതെന്നാണ് പ്രവൃത്തി വിലയിരുത്താനെത്തിയ സംഘം കണ്ടെത്തിയത്.
ജൂണിൽ ആദ്യഘട്ട നിർമ്മാണം പൂർത്തികരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. തളിപ്പറമ്പ് വായിക്കമ്പ സംസ്ഥാനപാതയോട് ചേർന്ന് കാഞ്ഞിരങ്ങാട് ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ എട്ട് ഏക്കറിൽ രണ്ട് നിലകളിലായി അഞ്ചു ബ്ലോക്കുകളുള്ള 'ഒക്ടഗൺ' മാതൃകയിൽ നിർമ്മിക്കുന്ന ജയിലിന് 2020 ഫെബ്രുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. കണ്ണൂർ സെൻട്രൽ ജയിൽ, സബ് ജയിൽ, സ്‌പെഷൽ സബ് ജയിൽ എന്നിവിടങ്ങളിൽ കൂടുതൽ തടവുകാരെ പാർപ്പിക്കേണ്ടി വരുന്നതിനാൽ ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരങ്ങാട് ജില്ലാ ജയിലിന് അനുമതി ലഭിച്ചത്.
റിമാൻഡ് തടവുകാരും ആറു മാസംവരെ ശിക്ഷ വിധിച്ചവരുമായ പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ 400 തടവുകാരെ വരെ പാർപ്പിക്കാനുളള സൗകര്യത്തോടെ രാജ്യത്തെ പ്രമുഖ ജയിലുകളെക്കുറിച്ച് പഠിച്ച ശേഷമാണ് രൂപകൽപ്പന ചെയ്തത്. ആദ്യഘട്ടമായി നാലുബ്ലോക്കുകളും ചുറ്റുമതിലും ജൂൺമാസത്തോടെ പൂർത്തിയാക്കാനായിരുന്നു ജയിൽ വകുപ്പും പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിട്ടിരുന്നത്.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികളെ കിട്ടാത്തതും നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും പ്രവൃത്തിയെ ബാധിച്ചിരുന്നു. എന്നാൽ പിന്നീട് അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും പ്രവൃത്തി പുരോഗമിക്കാത്തതിൽ കരാറുകാരന്റെ ഭാഗത്തു നിന്നും വീഴ്ച്ച പരിശോധിക്കും. നിലവിലുളള അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി ആദ്യഘട്ടം ജൂൺമാസത്തോടെ പ്രവൃത്തി പൂർത്തിയാക്കുന്നതിന് ജയിൽവകുപ്പും പൊതുമരാമത്ത് വകുപ്പും പരമാവധി ശ്രമിക്കുമെന്ന് സംസ്ഥാന ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡി.ഐ.ജി എസ്. സന്തോഷ് പറഞ്ഞു.
കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ ജയിൽ വകുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പൊതുമരാമത്ത് പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സംഘം കാഞ്ഞിരങ്ങാട് എത്തിയത്. സ്‌പെഷ്യൽ ഓഫിസർ ടി.കെ ജനാർദ്ദനൻ, നോഡൽ ഓഫിസർ പി.ടി.സന്തോഷ്, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി. സവിത,ഉദ്യോഗസ്ഥരായ ജി.സ്വപ്ന, കെ.കെ ഷിംന, ടി.പി ഷിജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.