നാഷണലിസ്റ്റ് ഒ.ബി സി കോൺഗ്രസ് ജില്ലാ കമ്മറ്റി രൂപീകരണം 10 ന്
കാസർകോട്: എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുടെ നിർദ്ദേശ പ്രകാരം കേരളത്തിൽ പിന്നാക്ക സമുദായങ്ങളെ ഒരു കുടകീഴിൽ അണിനിരത്താനുള്ള പ്രവർത്തനം സജീവമായി. ശരത് പവാറിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന പിന്നാക്കസമുദായ ഫോറത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനതലത്തിലും ജില്ലാ തലങ്ങളിലും ഒ.ബി.സി കാറ്റഗറിയിൽ വരുന്ന പിന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മകൾ നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് എന്ന പേരിൽ വിളിച്ചു ചേർത്ത് സജീവമാക്കാനാണ് തീരുമാനം.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന പിന്നാക്ക വിഭാഗങ്ങളിൽ പല സമുദായവും ഇന്നും സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടാണ് ജീവിക്കുന്നതെന്ന് സംസ്ഥാന നേതൃത്വം നടത്തിയ കണക്കെടുപ്പിൽ ബോധ്യപ്പെട്ടിട്ടുണ്ട്. സർക്കാരുകൾ മാറിമാറി വന്നതല്ലാതെ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾ പലതും ഇന്നും സംരക്ഷിക്കാതെ പോവുകയാണ്. സർക്കാർ തലത്തിലും പിന്നാക്ക സമുദായങ്ങളിലെ ജനവിഭാഗം കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് നേതാക്കൾ പറയുന്നു.
പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ജില്ലാതലങ്ങളിൽ ഇതുവരെ വകുപ്പിന് ഓഫീസ് തുറക്കുന്നതിന് പോലും നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. എല്ലാ ജില്ലകളിലും പിന്നാക്ക സമുദായ വകുപ്പിന് ഓഫീസ് തുടങ്ങുന്നതിനു സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന് എൻ.സി.പി തീരുമാനിച്ചിട്ടുണ്ട്. പിന്നാക്ക ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവകാശ പ്രഖ്യാപന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശത്തെ നൽകിയിട്ടുണ്ട്.
നാഷണലിസ്റ്റ് ഒ.ബി സി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള യോഗം 10 ന് വൈകുന്നേരം മൂന്നിന് കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിൽ വിളിച്ചു ചേർത്തതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് രവി കുളങ്ങര ഉദ്‌ഘാടനം ചെയ്യും.