ജനരോഷം നിയമസഭയിൽ അറിയിക്കും: സണ്ണി ജോസഫ്
കണ്ണൂർ: കൃത്രിമ ജലപാതയുമായി ബന്ധപ്പെട്ടു കുടിയിറക്കപ്പെടുന്നവരുടെ വിഷയങ്ങൾ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. അശാസ്ത്രീയമായ പദ്ധതി നടപ്പിലാക്കുന്നത് വഴി വലിയൊരു വിഭാഗം ജനങ്ങൾ നേരിടാൻ പോകുന്നത് വൻ ദുരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കൃത്രിമ ജലപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ദുരിതങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി റിപ്പോർട്ട് നൽകുന്നതിന് വേണ്ടി യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച ഉപസമിതി പദ്ധതി പ്രദേശങ്ങളിൽ സന്ദർശനം നടത്തവേ പരാതിക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതുക്കോത്ത് നിന്ന് ആരംഭിച്ച സന്ദർശനം പാനൂരിൽ സമാപിച്ചു. സമിതി ഫെബ്രുവരി 18 ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കും.
ജലപാത കടന്നുപോകുന്ന പാനൂർ ഗുരുസന്നിധി പരിസരവും യു.ഡി.എഫ് സംഘം അഡ്വ. സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. പലയിടങ്ങളിലും ശക്തമായ എതിർപ്പു വന്നപ്പോഴാണ് ജലപാത ഏറെ ജനസാന്ദ്രതയുള്ള പാനൂർ മൊകേരിയിലൂടെ കടന്നുപോകുന്നതെന്ന് പ്രദേശത്തുകാർ അറിയിച്ചു.
കൂടാതെ 150 മീറ്റർ വീതിയുള്ള ഗുരുസന്നിധി പ്രദേശത്തുകൂടെ 110 കെ.വി. ലൈൻ, പഴശ്ശി കനാൽ, ഗെയിൽ, മൈസൂർ റെയിൽപാത തുടങ്ങി അഞ്ചാമത്തെ പദ്ധതിയാണിതെന്നും സംഘത്തോട് പറഞ്ഞു.
കെ.പി.സി.സി നിർവാഹക സമിതിയംഗം വി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. അബ്ദുൾ കരിം ചേലേരി, സി.എ അജീർ, പി.ടി മാത്യു, കെ.പി സാജു, രാജൻ പുതുശ്ശേരി, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണംവെള്ളി, ഇ.എ നാസർ, എം. ഹരീന്ദ്രൻ, സി.എച്ച് സുരേഷ് ബാബു, എം.കെ രഞ്ജിത്ത്, കെ.ടി ശ്രീധരൻ, അഷറഫ് മാണിക്കോത്ത് സംസാരിച്ചു.