വളപട്ടണം: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചിറക്കലിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്വകാര്യ ഭൂമിയിൽ ഇട്ട കല്ല് പിഴുതുമാറ്റി. തുടർന്ന് നേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട് എന്നിവരെ വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, രജിത്ത് നാറാത്ത് എന്നിവർ സ്‌റ്റേഷനിലെത്തി ഡിവൈ.എസ്.പിയുമായി ചർച്ച നടത്തിയെങ്കിലും വിട്ടയക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇവരെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്.
കെ റെയിൽ കല്ലിടൽ തടഞ്ഞ ജനകീയ സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിറക്കൽ പഴയ ഗേറ്റ് പരിസരത്ത് സമരസമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചിറക്കൽ പഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു പി.വി അദ്ധ്യക്ഷയായി.
കല്ലിടൽ തടഞ്ഞ് അറസ്റ്റ് വരിച്ച ജില്ലാ ജനകീയ സമിതി നേതാക്കളായ അഡ്വ. പി.സി വിവേക്, അഡ്വ. ആർ. അപർണ, ഇല്യാസ് ടി പി എന്നിവർക്ക് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.എം പ്രമോദ് ഹാരാർപ്പണം നടത്തി. ജനകീയ സമിതി ജില്ലാ ചെയർമാൻ എ.പി ബദറുദ്ദീൻ, ജനകീയ സമിതി ജില്ലാ രക്ഷാധികാരി പി.പി കൃഷ്ണൻ, കാപ്പാടൻ ശശിധരൻ, അനൂപ് ജോൺ, അഡ്വ. കസ്തൂരിദേവൻ, രാജേഷ് പാലങ്ങാടൻ, എൻ.എം കോയ, എം.കെ ജയരാജൻ എന്നിവർ പ്രസംഗിച്ചു.