പാനൂർ: പാട്യം ഗ്രാമ പഞ്ചായത്തിലെ പുതിയതെരു, മൂഴിവയൽ, ചിമ്മാലിമൊട്ട, മഞ്ചക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പനയംപുഴയിലെ ചെക്ക്ഡാമിന്റെ പുനർനിർമ്മാണം ഈ വർഷവും നടന്നില്ല. 25 വർഷങ്ങൾക്ക് മുമ്പ് പി കല്യാണി ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നപ്പോൾ നിർമ്മിച്ച ഈ ചെക്ക്ഡാം അഞ്ചു വർഷങ്ങൾക്ക് മുമ്പ് ശക്തമായ മലവെള്ള കുത്തിയൊഴുക്കിലും മറ്റും തകർന്ന നിലയിലാണ്.
ജലം തടഞ്ഞു നിർത്താൻ വേണ്ടി പലകളിടാനുള്ള കോൺക്രീറ്റു പാളികളും തകർന്നിട്ടുണ്ട്. പ്രതിസന്ധിയിലായ നാട്ടുകാർ മരത്തടികൾ കൊണ്ടുവന്നിട്ട് ഡാമിന്റെ അടിഭാഗം പൂഴി ചാക്കുകൾ നിറച്ചും പലകകൾ കൊണ്ടും വെള്ളം തടഞ്ഞുനിർത്തുകയാണ് പതിവ്. ഈ വർഷമെങ്കിലും ചെക്ക്ഡാം പുനർനിർമ്മിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇതില്ലാതായതോടെ ഡി.വൈ.എഫ്.ഐ പാട്യം മേഖല കമ്മിറ്റിയും, ചിമ്മാലിമൊട്ട വായനശാല പ്രവർത്തകരും നാട്ടുകാരുടെ നേതൃത്വത്തിൽ താല്കാലിക തടയണ നിർമ്മിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും മൂത്ത തെങ്ങുകൾ ശേഖരിച്ച് ഈർന്ന് പലകകളാക്കിയാണ് ഡാം താല്കാലികമായി നിർമ്മിച്ചത്.
താൽക്കാലികമായി ഉണ്ടാക്കിയ ചെക്ക്ഡാം എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. റോജ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പി. പത്മനാഭൻ, സുജാത, ഡി.വൈ.എഫ്.ഐ ലിജിൻ രാജൻ, അരുൺ കാരായി, സുജീഷ്, മുല്ലോളി വായനശാല സെക്രട്ടറി ടി. സുരേഷ്, ടി.കെ രാജീവൻ, ശരത്ത്, എ.വി രാജേഷ്, കെ.വി സജീവൻ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് കനിയണം
രണ്ട് പഞ്ചായത്തുകളുടെയും അതിർത്തിയായ പനയംപുഴ ഡാം പുനർനിർമ്മിക്കാൻ പാട്യം, മൊകേരി പഞ്ചായത്ത് പ്രസിഡന്റുമാർ സംയുക്തമായി ജില്ലാ പഞ്ചായത്തിനു അപേക്ഷ നല്കിയിരുന്നു. ഇതുവരെ യാെതൊരു നടപടിയും ഉണ്ടായിട്ടില്ല. അടുത്ത വർഷമെങ്കിലും തകർന്ന ചെക്ക് ഡാം പുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ
ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയാണുള്ളത്.