നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ രണ്ടാം വാർഡിൽ പണിത ഗ്യാസ് ക്രിമിറ്റോറിയത്തിൽ ആദ്യമായി ചായ്യോത്ത് സ്വദേശിനിയുടെ മൃതദേഹം ദഹിപ്പിച്ചു. കൊവിഡ് ബാധിതയായി മരിച്ച ചായ്യോം കണിയാടയിലെ കുണ്ടാരത്തിൽ നാരായണിയുടെ മൃതദേഹമാണ് ആദ്യമായി ഗ്യാസ് ക്രിമിറ്റോറിയത്തിൽ ദഹിപ്പിച്ചത്. ക്രിമിറ്റോറിയം ജീവനക്കാരായ ബാബു കരുവപ്പടവിൽ, പ്രഭാകരൻ മാനൂരി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. ഇതിന് ഒന്നര മണിക്കൂറുകളോളം വേണ്ടിവന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ, മെമ്പർ പി. ധന്യ, കെ. കുമാരൻ, പാറക്കോൽ രാജൻ, എം.സുരേന്ദ്രൻ, കെ. ലക്ഷ്മണൻ എന്നിവരും സന്നിഹിതരായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 25നാണ് 65 ലക്ഷം രൂപ ചെലവിൽ ചൂരിപ്പാറയിൽ പണിത ഗ്യാസ് ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് 4 മാസം കഴിഞ്ഞെങ്കിലും 4 മൃതദേഹം ദഹിപ്പിച്ചത് ചിരട്ടകത്തിച്ച് തന്നെയായിരുന്നു. ഗ്യാസ് ക്രിമിറ്റോറിയമെന്ന് കരുതിവന്നവർ ശ്മശാനത്തിൽ എത്തിയതിന് ശേഷമാണ് ആദ്യമുണ്ടായിരുന്ന ശ്മശാനത്തിൽ തന്നെ ദഹിപ്പിക്കാൻ നിർബന്ധിതരായത്. ഇതിനായുള്ള ചിരട്ടക്ക് വേണ്ടി ഇവർ നെട്ടോട്ടമോടുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതേത്തുടർന്ന് കിനാനൂർ-കരിന്തളം പഞ്ചായത്തിനെതിരെ വ്യാപകമായ പരാതിയും ഉയർന്നിരുന്നു.
ഗ്യാസ് ക്രിമിറ്റോറിയത്തിൽ മൃതദേഹം ദഹിപ്പിക്കാൻ ചില അസംസ്കൃത സാധനങ്ങൾ വേണ്ടിയിരുന്നു. ഇതിന് 10,000 രൂപയിലധികം ചെലവ് വരുമെന്നതിനാൽ പ്രത്യേകം ടെൻഡർ വിളിക്കേണ്ടതായി വന്നു. അതുകൊണ്ടാണ് ഗ്യാസ് ക്രിമി റ്റോറിയം പ്രവർത്തനക്ഷമമാകാൻ കാലതാമസം നേരിട്ടത്.
ടി.കെ.രവി, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്