കാസർകോട്: സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ ഭൂസർവെ ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലും ഡിജിറ്റൽ സർവെയ്ക്ക് തുടക്കമായി. കാസർകോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജിൽ 514 ഹെക്ടർ സ്ഥലത്താണ് ഡ്രോൺ സർവെ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 10 ന് ആരംഭിച്ച സർവെ വൈകീട്ട് ആറ് വരെ തുടർന്നു. കാലാവസ്ഥ അനുകൂലമായാൽ രണ്ട് ദിവസത്തിനുള്ളിൽ ഡ്രോൺ സർവെ പൂർത്തിയാക്കും. ബാക്കി ഭൂമിയിൽ ഇ.ടി.എസ് കോർസ് സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവെ. ആദ്യഘട്ടത്തിൽ മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലെ 18 വില്ലേജുകളിലാണ് ജില്ലയിൽ ഡിജിറ്റൽ സർവെ നടത്തുന്നത്.

ഡിജിറ്റൽ സർവെ റെക്കോർഡുകൾ നിലവിൽ വരുന്നതോടെ നിലവിലുള്ള സർവ്വെ നമ്പർ, സബ്ഡിവിഷൻ നമ്പർ, തണ്ടപ്പേർ നമ്പർ എന്നിവ ഇല്ലാതാകും. പകരം ഭൂമിയിലെ കൈവശങ്ങൾക്കും നിലവിലെ നിയമങ്ങൾക്കും അനുസൃതമായി പുതിയ നമ്പർ നൽകും. പദ്ധതി ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ റവന്യൂ, രജിസ്‌ട്രേഷൻ, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ വകുപ്പുകളിലെ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാകും.

കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ഡ്രോൺ സർവെ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എ.കെ രമേന്ദ്രൻ സ്വിച്ച് ഓൺ ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ അധ്യക്ഷത വഹിച്ചു. സർവെ ഡെപ്യൂട്ടി ഡയറക്ടർ എസ്. സലീം പദ്ധതി വിശദീകരിച്ചു. സർവെ അസിസ്റ്റന്റ് ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, കെ.വി പ്രസാദ്, സർവ്വെ സൂപ്രണ്ടുമാരായ എം.കെ മുരളീധരൻ ഉണ്ണിത്താൻ, എം. ആരിഫുദ്ദീൻ, വി. ഗുരുപ്രസാദ്, കെ.പി ഗംഗാധരൻ, കെ. നരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

പടം....കാസർകോട് ജില്ലയിൽ ഡിജിറ്റൽ ഭൂസർവെയുടെ ഭാഗമായി മുട്ടത്തൊടി വില്ലേജിൽ ഡ്രോൺ സർവെ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്യുന്നു