nouji
നൗജി നൗഷി

മാഹി: ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമായ രാജ്യമല്ലെന്ന വിമർശനമുയരുമ്പോൾ മാഹിയിൽ നിന്നും എവറസ്റ്റ് ബേസിലേക്ക് ഒറ്റയ്ക്കുള്ള യാത്രയിലാണ് മാഹി ചാലക്കര സ്വദേശിനി നാജി നൗഷി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമല്ലെന്നുള്ള വിമർശനങ്ങൾക്കുള്ള മറുപടിയാണ് തന്റെ യാത്രയെന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. 'അവൾക്ക് ഒറ്റയ്ക്ക് യാത്രചെയ്യാം,​ ഇന്ത്യയെ അഭിനന്ദിക്കാം' എന്നതാണ് യാത്രയുടെ സന്ദേശമായി ഈ 32കാരി ഉയർത്തിക്കാട്ടുന്നത്.

മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉൾപ്പടെയുള്ള സുഹൃത്തുക്കളും ബന്ധുക്കളും ഇവർക്ക് യാത്രാമംഗളങ്ങൾ നേർന്നു.നിരവധി വിദേശയാത്രകളും ഭാരത പര്യടനവും നടത്തിയിട്ടുള്ള നാജി നൗഷി ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് നിന്ന് പുറപ്പെട്ട് കോയമ്പത്തൂർ, സേലം, ബാംഗ്ളൂർ, ഹൈദരാബാദ്, നാഗ്പൂർ, വാരാണസി, മോയിത്താരി, റെക്‌സോൾ, കാഠ്മണ്ഡു, നേപ്പാൾ, ലുക്ള വഴിയാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്നത് .റോഡ് വഴി അമ്പത് ദിവസത്തെ യാത്രയാണ് ഉദ്ദേശിക്കുന്നത്. യാത്രക്ക് വിദേശത്തുള്ള ഭർത്താവ് നൗഷാദിന്റെയും ബന്ധുക്കളുടേയും പ്രചോദനവും ഇവർക്കുണ്ട്.

കഴിഞ്ഞ ആഗസ്ത് മാസത്തിൽ രാജ്യത്തെ 17 സംസ്ഥാനങ്ങളിലൂടെ 13,000 കി.മീറ്റർ സഞ്ചരിച്ച് നാജി നൗഷി ; തന്റെ ഫേസ്ബുക്ക് കൂട്ടുകാരിയായ നാദാപുരത്തെ സാജിത ജാബിറിനൊപ്പം ഭാരത യാത്ര നടത്തിയിരുന്നു.