കാഞ്ഞങ്ങാട്: മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് സാങ്കേതികാനുമതി വൈകുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് സംസ്ഥാനത്തെ ആദ്യത്തെ ഇക്കൊ സെൻസിറ്റീവ് ആസ്‌ടോ ടൂറിസം സെന്ററായി ചരിത്രവും മിത്തും തമ്മിൽ സമന്വയിച്ച മഞ്ഞംപൊതിക്കുന്ന് തിരഞ്ഞെടുത്തത്. ഇതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 4.97 കോടിയുടെ പദ്ധതി തയ്യാറാക്കി ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ സമർപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇതിനുള്ള സാങ്കേതിക അനുമതി വൈകുന്നതിനാൽ നിർമ്മാണജോലികൾ ആരംഭിക്കാനായിട്ടില്ല.
ജില്ലയിൽ ടൂറിസത്തിൽ ഏറെ പ്രസിദ്ധമാണെങ്കിലും പുറം ജില്ലക്കാർക്കും മറ്റുള്ളവർക്കും മുന്നിൽ അധികമൊന്നും തുറക്കാത്ത ഇടമാണ് മഞ്ഞംപൊതിക്കുന്ന്. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിയുള്ള വിനോദസഞ്ചാര പദ്ധതിയാണ് രൂപകൽപനചെയ്തിട്ടുള്ളത്.
സഞ്ചാരികൾക്ക് രാത്രികാല കാഴ്ചകൾ ആസ്വദിക്കാനും ആകാശനിരീക്ഷണത്തിനുമുള്ള അവസരമൊരുക്കും. 150 കാറുകൾക്കും 20 ബസ്സുകൾക്കും 500 ടു വീലറുകൾക്കും ഒരേസമയം പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സോണും ഒരുക്കാനും പദ്ധതിയുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ മികച്ച ടൂറിസം പോയന്റായി മഞ്ഞംപൊതിക്കുന്ന് മാറും. കാഞ്ഞങ്ങാട് ടൗൺസ്‌ക്വയറും, കാഞ്ഞങ്ങാട് കൈറ്റ് ബീച്ചും നിർമ്മാണഘട്ടത്തിലാണ്. നിർമ്മിതികേന്ദ്രത്തിനാണ് മൂന്നുപദ്ധതികളുടെയും നിർമ്മാണ ചുമതല. ഡി.ടി.പി.സിക്കാണ് മഞ്ഞംപതിക്കുന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
2500 അടി ഉയരം
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതിക്കുന്ന് കാഴ്ചകളുടെ പുതിയലോകമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. കാസർകോട് നഗരത്തിൽനിന്ന് 31 കിലോമീറ്ററും കാഞ്ഞങ്ങാട്ടു നിന്ന് അഞ്ച് കിലോമീറ്ററുമാണ് ആനന്ദാശ്രമത്തിന്റെ നെറുകയിലുള്ള മഞ്ഞംപൊതിക്കുന്നിലേക്കുള്ള ദൂരം. ചെങ്കൽപാറയിൽ പരവതാനി വിരിച്ചപോലെ നിറയെ സ്വർണപുല്ലുകളുടെ കാഴ്ച നയനമനോഹരമാണ്. പുൽത്തകിടി നിറഞ്ഞ കുന്നിൻചെരിവുകൾ, ഹനുമാൻ ക്ഷേത്രം, മികച്ച ഫോട്ടോഗ്രാഫി പോയന്റ്, നാലുഭാഗത്തേക്കുമുള്ള പ്രകൃതിദൃശ്യം എന്നിവ മഞ്ഞംപൊതുക്കുന്നിനെ വേറിട്ടതാക്കുന്നു.
സഞ്ചാരികൾക്കായി ഒരുക്കുന്നത്
സംഗീതത്തിന്റെ പശ്ചാത്തലത്തിൽ വർണ്ണാഭമായ ജലധാര
ബേക്കൽകോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടൽ എന്നിവയുടെ ദൂരകാഴ്ച കുന്നിൻ മുകളിൽ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലർ സംവിധാനങ്ങൾ
വാനനിരീക്ഷണത്തിനായി ടെലിസ്‌കോപ്പ്
ഇരിപ്പിടങ്ങൾ, സെൽഫിപോയിന്റുകൾ, ലഘുഭക്ഷണശാല, പാർക്കിംഗ്സൗകര്യം എന്നിവ സജ്ജീകരിക്കും.
റിസപ്ക്ഷൻ സോൺ, ഫയർ സോൺ, പാർക്കിംഗ് സോൺ, ഫെസിലിറ്റി സോൺ, ഫൗണ്ടെയ്ൻ ആൻഡ് ആസ്‌ട്രോ സോൺ എന്നിവയും ഒരുക്കും
പടം...മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതിയുടെ രേഖാ ചിത്രം