ആലക്കോട്: കോൺഗ്രസിനുള്ളിലെ ചേരിപ്പോരിനെത്തുടർന്ന് ഭൂരിപക്ഷമുണ്ടായിട്ടും കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷത്തിരിക്കേണ്ടിവന്ന യു.ഡി.എഫ് നടുവിൽ ഗ്രാമപഞ്ചായത്തിൽ ഭരണം തിരികെപിടിക്കുന്നു. ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ സി.എച്ച് സീനത്ത് വിജയിച്ചു. ഏഴിനെതിരെ 12 വോട്ടുകൾക്കായിരുന്നു വിജയം.
ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതേ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥി ബേബി ഓടംപള്ളി വിജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്.
കോൺഗ്രസിനുള്ളിൽ പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി എ, ഐ ഗ്രൂപ്പുകൾ തമ്മിൽ വടംവലി നടക്കവെ എ വിഭാഗത്തിലെ ബേബി ഓടംപള്ളി നേരത്തെ എൽ.ഡി.എഫിന്റെ പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. കോൺഗ്രസ് വിമതയായി ജയിച്ചുവന്ന രേഖ രഞ്ജിത്ത് ആയിരുന്നു വൈസ് പ്രസിഡന്റ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിർദ്ദേശപ്രകാരം ഡി.സി.സി നേതൃത്വം നടത്തിയ ചർച്ചകളുടെ ഫലമായാണ് ഭരണം തിരിച്ചുപിടിക്കാനുള്ള കളമൊരുങ്ങിയത്. പാർലമെന്ററി പാർട്ടി നേതാവായി ബേബിയെ തിരഞ്ഞെടുത്തിട്ടുണ്ട്.