congress

കണ്ണൂർ: പാർട്ടിയെ വെല്ലുവിളിച്ചു സി.പി.എമ്മിനോടൊപ്പം പോയി നടുവിൽ പഞ്ചായത്ത് പ്രസിഡന്റായ ബേബി ഓടം പള്ളിയെ വീണ്ടും പ്രസിഡന്റാക്കുന്നതിനെ ചൊല്ലി മലയോരത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഇന്ന് നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബേബി ഓടം പള്ളിയെ സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ച് സാദാ അംഗങ്ങളായി തുടരുമെന്ന് മണ്ഡലം ഭാരവാഹികളും രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും അറിയിച്ചിട്ടുണ്ട്

പാർട്ടി ബ്‌ളോക്ക് പ്രസിഡന്റോ മണ്ഡലം ഭാരവാഹികളോ അറിയാതെയാണ് ഓടം പള്ളിയെ തിരിച്ചെടുത്തതെന്നാണ് ഇവരുടെ വാദം. . ഓടം പള്ളിയെയും പാർട്ടി വിട്ട രണ്ടു പഞ്ചായത്ത് അംഗങ്ങളെയും തിരിച്ചെടുത്തത് വാട്‌സ് ആപ്പിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്നും ഇവർ പറയുന്നു.

താഴെ തട്ടിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും സി.യു.സിയിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ഡി.സി.സി പ്രസിഡന്റും പറഞ്ഞതെങ്കിലും ഇപ്പോൾ കോർപറേറ്റ് കമ്പനിയെ പോലെയാണ് കോൺഗ്രസെന്നാണ് ഇവരുടെ ആരോപണം.

കെ.പി.സി.സി അദ്ധ്യക്ഷനോട് നേരിട്ടു തന്നെ ഈ കാര്യം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നു ഇവർ പറയുന്നു. പാർട്ടിക്ക് ദോഷകരമായ തീരുമാനമെടുക്കരുതെന്ന് നടുവിൽ പഞ്ചായത്തുകാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ് എന്നിവർ പറഞ്ഞിട്ടും കെ.പി.സി.സി അദ്ധ്യക്ഷൻ അംഗീകരിച്ചില്ലെന്നും മണ്ഡലം ഭാരവാഹികൾ കുറ്റപ്പെടുത്തി

'ഓടംപള്ളിയെ അംഗീകരിക്കില്ല"

കണ്ണൂർ :നടുവിൽ പഞ്ചായത്ത് പ്രസിഡന്റാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് നടുവിൽ ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേൽ, ആലക്കോട് ബ്‌ളോക്ക് വൈസ് പ്രസിഡന്റ്, ബാബു കിഴക്കേപറമ്പിൽ ,നടുവിൽ മണ്ഡലം സെക്രട്ടറി കെ.വി മുരളീധരൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ത്രേസ്യാമ്മ ജോസഫ് , മണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദു ബാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബേബി ഓടം പള്ളിയെയും മറ്റുള്ളവരെയും കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതിന് തങ്ങളാരും എതിരല്ല എന്നാൽ പാർട്ടി തെറ്റുതിരുത്തിയതു കൊണ്ടാണ് താൻ തിരിച്ചു വരുന്നുവെന്നു പറയുന്നാളെ വീണ്ടും തിരിച്ചെടുക്കുന്നത് നടുവിൽ പഞ്ചായത്തിലെ പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണ് .ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങൾ ബേബി ഓടംപള്ളിക്ക് വോട്ടുചെയ്യില്ല. മുൻ പഞ്ചായത്ത് പ്രസിഡന്റും പട്ടികവിഭാഗക്കാരിയുമായ ബിന്ദു ബാലനെ സ്ത്രീയെന്ന നിലയിലും ജാതി പേരും വിളിച്ചും അപമാനിച്ച സംഭവത്തിൽ കെ.പി.സി.സി അദ്ധ്യക്ഷന് പരാതി നൽകിയിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.