പഴയങ്ങാടി: കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവു ശേഖരവുമായി പരിയാരം സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പഴയങ്ങാടിയിൽ പിടികൂടി. ആന്ധ്രയിൽ നിന്ന് കാറിൽ കഞ്ചാവ് ശേഖരവുമായി വരികയായിരുന്ന പരിയാരം സ്കൂളിന് സമീപത്തെ ചേരൻ വീട്ടിൽ സി.എ അശ്വിൻ രാജിനെ(23)യാണ് എക് സൈസ് ഇൻസ്പെക്ടർ എ. ഹേമന്ത് കുമാറും സംഘവും പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ സ്ക്വാ ഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ രജിരാഗിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രാത്രി പത്തര മണിയോടെ പഴയങ്ങാടി എരിപുരം കെ.എസ്.ടി.പി റോഡ് സർക്കിളിൽ വെച്ചാണ് പിടികൂടിയത്.
ചെറുതാഴം രാമപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ. 11.എൻ-1129 മാരുതി കാറിൽ കടത്തുകയായിരുന്ന 4.3 കിലോഗ്രാം ഉണക്ക കഞ്ചാവുമായാണ് പ്രതിയെ പിടികൂടിയത്. വിദ്യാർഥികൾക്കിടയിൽ ആണ് കഞ്ചാവ് വിതരണം ചെയ്യുന്നത്. റെയ്ഡിൽ പ്രവന്റീവ് ഓഫീസർ സന്തോഷ് തൂണോളി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതേഷ്.സി, രാഹുൽ പി.വി, ശ്രിജിൻ വി.വി എന്നിവരും ഉണ്ടായിരുന്നു. കാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.