പഴയങ്ങാടി: മാടായി ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ രണ്ടേമുക്കാൽ ഏക്കറിലധികം ഭൂമി സ്വകാര്യ സ്ഥാപനവും മറ്റുള്ളവരും കൈയേറിയതായി കണ്ടെത്തി. മാടായി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന് ഭൂമി തിരിച്ചുപിടിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു. മാടായിപ്പാറയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്ന എരിപുരം പാളയം ഗ്രൗണ്ട് ഉൾപ്പെടെ സ്‌കൂളിന് ഇവിടെ അഞ്ച് ഏക്കർ ഭൂമിയുണ്ടായിരുന്നു. പല സമയങ്ങളിൽ പലരും കൈയേറിയതിനാൽ ഇപ്പോൾ 2.25 ഏക്കർ സ്ഥലം മാത്രമേ ഉള്ളൂ.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിട്ട് ജില്ലയിലെ മാതൃക സ്‌പോർട്‌സ് വില്ലേജ് ഇവിടെ സ്ഥാപിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഭൂമി അളന്നു നോക്കിയപ്പോഴാണ് പകുതിയിലധികം ഭൂമി കുറഞ്ഞിരിക്കുന്നതായി കണ്ടത്. താലൂക്ക് സർവെയർ അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം ഭൂമി തിരിച്ച് പിടിക്കുവാനുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് പി.പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതാണ് ഹയർ സെക്കൻഡറി സ്‌കൂളും ആസ്തികളും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, വൈസ് പ്രസിഡന്റ് ഡി. വിമല, ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, പി.ടി.എ പ്രസിഡന്റ് കെ.പി മനോജ്, പ്രിൻസിപ്പൽ ഡോ. പി ഷീജ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ യു. സജിത് കുമാർ, പ്രധാനാദ്ധ്യാപിക ഒ.പി അജിത എന്നിവരും ഒപ്പമുണ്ടായിരുന്നു.