തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിംലീഗിൽ ഗ്രൂപ്പ് തർക്കത്തിന് പരിഹാരമുണ്ടാക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടു.12 ന് കോഴിക്കോട് ലീഗ് ഹൗസിൽ ചർച്ച നടക്കും. തളിപ്പറമ്പിൽ നഗര ഭരണവും ജമാഅത്ത് പള്ളി ഉൾപ്പെടെ മത സ്ഥാപനങ്ങളും സീതി സാഹിബ് സ്കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന് തന്നെ കീറാമുട്ടിയായിരിക്കുകയാണ്.

നിരവധി തവണ പ്രശ്ന പരിഹാരമാർഗങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഒന്നും പ്രാവർത്തികമാക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ലീഗിലെ ഗ്രൂപ്പ് തർക്കം പരമാവധി മുതലെടുത്ത് മുസ്ലിം സമുദായത്തിൽ സ്വാധീനമുണ്ടാക്കാൻ വഖഫ് സംരക്ഷണ സമിതി രൂപീകരിച്ച് സി.പി.എം ശ്രമം തുടങ്ങിയതും ലീഗിനെ അലട്ടുന്നു. ഇതാണ് സംസ്ഥാന കമ്മിറ്റിയെ നേരിട്ട് പ്രശ്ന പരിഹാരത്തിന് മുതിരാൻ പ്രേരിപ്പിച്ചത്. പ്രശ്നപരിഹാരത്തിനായി സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും എടുത്ത എല്ലാ തീരുമാനങ്ങളും പാഴായി പോവുകയും ഗ്രൂപ്പ് തർക്കം എല്ലാ അതിർവരമ്പുകളും കടന്നതോടെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും പ്രശ്നത്തിൽ നേരിട്ട് ഇടപെടുന്നത്. അള്ളാംകുളം മഹമൂദ് വിഭാഗത്തിൽ നിന്നും പി.കെ. സുബൈർ വിഭാഗത്തിൽ നിന്നും മൂന്ന് വീതം നേതാക്കളെയാണ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ് പി .മുഹമ്മദ് ഇഖ്ബാൽ, ജനറൽ സെക്രട്ടറി സി.പി.വി. അബ്ദുള്ള, ജില്ലാ ജനറൽ സെക്രട്ടറി കരീം ചേലേരി, പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ് എന്നിവരോടും കോഴിക്കോടെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, കൂടാതെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ കെ.എം. ഷാജി, അബ്ദുൾറഹ്മാൻ കല്ലായി, എം.സി. കമറുദ്ദീൻ, ടി.ടി.ഇസ്മയിൽ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുക.