citty

കണ്ണൂർ: അശാസ്ത്രീയയമായ അണ്ടർപാസ് റോഡും സി​റ്റി ഇംപ്രുവ്‌മെന്റ് പദ്ധതിയും മേലെചൊവ്വയെ ഇല്ലാതാക്കുമെന്ന ആശങ്കയിൽ വ്യാപാരികൾ. മേലെചൊവ്വയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി ചൊവ്വ ധർമ്മസമാജം മുതൽ നന്തിലത്ത് ജി മാർട്ട് വരെ മുന്നൂറ് മീ​റ്റർ നീളത്തിലാണ് അണ്ടർപാസ് റോഡ് നിർമ്മിക്കുന്നത്. ഇതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്നാണ് പ്രദേശത്തെ വ്യാപാരികളുടെ വാദം.

ഏഴ് മീ​റ്റർ മീ​റ്റർ വീതിയിൽ രണ്ട് വരിപാത മാത്രമാണ് ഇവിടെ നിർമ്മിക്കുന്നത്. ദേശീയപാത നാലും ആറും വരിയായി നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് സംസ്ഥാന സർക്കാർ രണ്ട് വരി പാതയായി അണ്ടർപാസ് നിർമ്മിക്കുന്നത്.
മൂന്നൂറ് മീ​റ്റർ പാതയിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ അവിടെ നിന്ന് വാഹനങ്ങൾ മാ​റ്റാൻ പോലും സാധിക്കില്ലെന്നും ഇവർ പറയുന്നു.

25 വർഷത്തെ വികസനം ലക്ഷ്യം കണ്ടാണ് പാത നിർമ്മിക്കുന്നതെന്നാണ് പറയുന്നതെങ്കിലും യഥാർത്ഥത്തിൽ 25 വർഷം പിറകിലേക്ക് കൊണ്ടുപോകുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഒരു വശത്ത് മാത്രമാണ് അണ്ടർപാസ് വരുന്നത് എന്നതു തന്നെ റോഡിന്റെ ഏറ്റവും വലിയ വൈകല്യമാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അണ്ടർപാസ് റോഡിന് വേണ്ടി കുടിയൊഴിയണമെന്നാവശ്യപ്പെട്ട് വ്യാപാരികൾക്ക് അധികൃതർ കഴിഞ്ഞ ദിവസമാണ് നോട്ടീസ് നൽകിയത്. ആറ് ദിവസത്തിനകം സ്ഥാപനം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാപനം ഒഴിയാൻ തങ്ങൾക്ക് ആറു മാസമെങ്കിലും സമയം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

നഷ്ടപരിഹാരത്തിൽ വിവേചനം

നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും അധികാരികൾ വിവേചനം കാട്ടുകയാണെന്നും വ്യാപാരികൾ ആരോപിച്ചു. ചിലർക്ക് അൻപതിനായിരം രൂപ കൊടുക്കുമ്പോൾ മ​റ്റു ചിലർക്ക് രണ്ടുലക്ഷം നൽകുന്നു. ഇതിന്റെ മാനദണ്ഡം അധികൃതർ വ്യക്തമാക്കിയിട്ടില്ല. എൺപതോളം കടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിലും പലരും വെറുംകൈയോടെ സ്ഥാപനത്തിൽ നിന്നും ഒഴിയേണ്ട സ്ഥിതിയാണ്. തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് മാത്രമാണ് പണം അനുവദിക്കുന്നത്. ബാക്കിയുള്ളവർക്ക് ഒരു രൂപ പോലും കിട്ടാത്ത സാഹചര്യമാണെന്നും വ്യാപാരികൾ പറഞ്ഞു.കടമുറി ഒരുക്കുന്നതിനായി ചെലവഴിക്കുന്ന തുകയിൽ മാന്യമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നഷ്ടപരിഹാര തുക രണ്ട് ലക്ഷം എന്നത് അഞ്ച് ലക്ഷമായി ഉയർത്തണമെന്നും പുനരധിവാസം ഉറപ്പാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മോഹനൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ടി.ഭാസ്‌കരൻ, അബ്ദുൾ മുനീർ, ഷാഹിദ, അബ്ദുൾ സത്താർ എന്നിവരും സംബന്ധിച്ചു.