നീലേശ്വരം: മുക്കട - അരയാക്കടവ് തീരദേശ റോഡ് യാഥാർത്ഥ്യമായതോടെ ഇതുവഴി ബസ് റൂട്ട് അനുവദിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്, ആർ.ടി.ഒ.ഓഫീസ്, സിവിൽ സപ്ലൈസ് ഓഫീസ് എന്നിവിടങ്ങളിലേക്ക് ഇപ്പോൾ തീരദേശ മേഖലയിലുള്ളവർക്ക് വെള്ളരിക്കുണ്ടിലേക്ക് എത്താൻ ഏറേ പ്രയാസമാണ്‌. വെള്ളരിക്കുണ്ട് താലൂക്കിലെ തീരദേശ മേഖലയായ കണിയാട ,പെരിന്തളം, കിണാവൂർ ,കീഴ് മാല, പാറക്കോൽ, വേളൂർ, അണ്ടോൾ, വടക്കേ പുലിയൂർ എന്നിവടങ്ങളിലുള്ളവർക്കാണ് ഇപ്പോൾ താലൂക്ക് ആസ്ഥാനത്തെത്താൻ ഏറെ പ്രയാസം.

ഇവർ തീരദേശ മേഖലയിൽ നിന്ന് ചായ്യോത്ത് - ചോയ്യങ്കോട്-ഭീമനടി റോഡിലെത്തണമെങ്കിൽ സമയനഷ്ടവും അധിക സാമ്പത്തിക നഷ്ടവും സഹിച്ചാണ് എത്തുന്നത്. ഇതിന് പരിഹാരമായാണ് അരയാക്കടവ്- മുക്കട തീരദേശ റോഡ് വഴി വെള്ളരിക്കുണ്ടിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഇതുവഴി ബസ് റൂട്ട് അനുവദിക്കുകയാണെങ്കിൽ കയ്യൂർ-ചീമേനി പഞ്ചായത്തിലെ പൊതാവൂർ, മയ്യൽ, ചെറിയാക്കര കയ്യൂർ, എന്നിവിടങ്ങളിലുള്ളവർക്ക് നീലേശ്വരം വഴി ജില്ല ആസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താനും കഴിയും. ഈ അടുത്ത കാലത്താണ് മുക്കട - അരയാക്കടവ് തീരദേശ റോഡിൽ കിണാവൂർ മുതൽ അരയാക്കടവ് വരെ യുള്ള റോഡ് ടാർ ചെയ്ത്ത് ഗതാഗതയോഗ്യമാക്കിയത്.