പിലിക്കോട് : ഇറാനിൽ വച്ച് നടക്കുന്ന പശ്ചിമേഷ്യൻ ആമ്പ്യൂട്ടി ഫുട്ബാൾ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി ചന്തേര സ്വദേശി ശബിൻരാജ് പന്തുതട്ടുമെന്നുറപ്പായി. തിരഞ്ഞെടുക്കപ്പെട്ടിട്ടും യാത്രാചെലവിനുള്ള തുക കണ്ടെത്താൻ കഴിയാതെ പ്രതിസന്ധിയിലായ യുവാവിന് പിന്തുണയുമായി ഫുട്ബാൾ കൂട്ടായ്മ എത്തുകയായിരുന്നു.
സ്പോൺസർ പിന്മാറിയതോടെയാണ് യാത്രാചിലവും മറ്റും താരങ്ങൾ സ്വയം വഹിക്കണമെന്ന നിർദ്ദേശം വന്നത്. ഇതോടെയാണ് നിർദ്ധനകുടുംബാംഗമായ ഈ യുവാവിന്റെ ആഗ്രഹത്തിന് മുന്നിൽ കരിനിഴൽ വീണത്. എന്നാൽ ശബിന്റെ ജീവിത സാഹചര്യം തിരിച്ചറിഞ്ഞ എരവിൽ ഫുട്ബാൾ അക്കാഡമി 1,60000 രൂപ കോച്ച് ചിത്രരാജ് എരവിലിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച് കൈമാറുകയായിരുന്നു. ഈ യുവ താരത്തിന്റെ വീട്ടിൽ നടന്ന ഊഷ്മളമായ ചടങ്ങിൽ സഹായധനവും വിജയാശംസകളും കൈമാറി.
മുൻ ഇന്ത്യൻ ടീമംഗങ്ങളായ എം.സുരേഷ്, മുഹമ്മദ് റാഫി, ഇന്ത്യൻ ക്യാമ്പംഗം പി.ജയ്ൻ,സന്തോഷ് ട്രോഫി താരങ്ങളായ ബി.കെ.അനഘ്, ടി.വി.ബിജുകുമാർ, എം.മുഹമ്മദ് അസ്ലം, എ.പ്രവീൺകുമാർ ,സവിനേഷ് ജൂനിയർ സ്റ്റേറ്റ് കോച്ച് റാഷിദ് അഹമ്മദ്, ബിജു മടിക്കൈ,രാജേഷ് പൊതാവൂർ, ഗോകുൽ ഈയ്യക്കാട് തുടങ്ങിയവരാണ് ശബിൻരാജിന്റെ വീട്ടിലെത്തി സഹായവും ആശംസകളും കൈമാറിയത്.
ഈ മാസം 14 മുതൽ തൃശൂരിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ശബിൻരാജ് . ഇറാനിലെ കിഷിൽ മാർച്ച് ആദ്യ വാരത്തിലാണ് അംഗപരിമിതരുടെ ഫുട്ബാൾ മേള നടക്കുന്നത്. ദുബായ് വഴിയാണ് ഇറാനിലേക്ക് യാത്ര തിരിക്കുന്നത്. ചടങ്ങിൽ ബിജു കാനായി അദ്ധ്യക്ഷത വഹിച്ചു. രാഘവൻ കുളങ്ങര, ഷഫീഖ് ചന്തേര . ശബിൻ രാജ് തുടങ്ങിയവർ സംസാരിച്ചു.പ്രശാന്ത് എടാട്ടുമ്മൽ സ്വാഗതവും ചിത്രരാജ് നന്ദിയും പറഞ്ഞു.