കണ്ണൂർ: ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് വിമുക്തി മിഷൻ വാർഡ് തല സമിതികളിൽ ഡ്രഗ് ഒബ്‌സർവർമാരെ നിയമിക്കും. വിമുക്തി മിഷൻ ജില്ലാ ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗവും കേസുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ പ്രാദേശിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണിത്.
28നകം വിമുക്തി വാർഡുതല സമിതികൾ ചേരാനും യുവാക്കൾക്കിടയിൽ നിന്നും ഒബ്‌സർവറെ നിയമിക്കാനും തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്ക് നിർദേശം നൽകും. ഫെബ്രുവരി 20ന് മുമ്പായി തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം ചേരും. ശേഷം വിവിധ സംഘടനാ പ്രതിനിധികളുടെയും സ്‌കൂൾ, കോളേജ് തലവന്മാരുടെയും യോഗവും ചേരും. ലഹരിക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്താൻ വിപുലമായ പ്രചരണങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തിൽ നഗരസഭ അദ്ധ്യക്ഷന്മാരായ കെ.എം ജമുനാ റാണി (തലശേരി), ബി മുർഷിദ (തളിപ്പറമ്പ്), ആന്തൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി ഉണ്ണികൃഷ്ണൻ, കോർപറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, പയ്യന്നൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.പി സമീറ, വി.വി സജിത, കൂത്തുപറമ്പ് നഗരസഭ അംഗം പി. ജയറാം, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ.എസ് ഷാജി, ഹുസൂർ ശിരസ്തദാർ പി. പ്രേംരാജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം പ്രീത തുടങ്ങിയവർ സംസാരിച്ചു.