ആലക്കോട്: അട്ടിമറികളൊന്നും സംഭവിച്ചില്ല, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബേബി ഓടംപള്ളി 11 വോട്ടുകൾ നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥി സി.പി.എമ്മിന്റെ സാജു ജോസഫിന് 7 വോട്ടുകൾ ലഭിച്ചു. പുലിക്കുരുമ്പ വാർഡ് മെമ്പർ റെജി വോട്ടെടുപ്പിന് എത്തിയില്ല.
റിട്ടേണിംഗ് ഓഫീസർ എം.മോഹനൻ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി ബേബി ഓടംപള്ളി അധികാരമേറ്റു.ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, മുസ്ലിംലീഗ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് വി.എ.റഹീം തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.ആലക്കോട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിനീഷ് കുമാർ, കുടിയാന്മല സി.ഐ മെൽവിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. എല്ലാ മെമ്പർമാരെയും സഹകരിപ്പിച്ചുകൊണ്ട് പഞ്ചായത്ത് ഭരണം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്ന് ബേബി ഓടംപള്ളി പറഞ്ഞു.