congress

ആലക്കോട് : കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം മലയോരത്ത് കോൺഗ്രസിനെ നയിക്കുകയും യു.ഡി.എഫിനെ നിയന്ത്രിക്കുകയും ചെയ്ത എ ഗ്രൂപ്പ് ഇപ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ. എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവരുടെ വലംകൈയായ കെ.സി.ജോസഫ് 1982ൽ ഇരിക്കൂറിൽ മത്സരിച്ചു വിജയിച്ച കാലം തൊട്ട് ഉണ്ടായിരുന്ന മേധാവിത്വം കഴിഞ്ഞ തിരഞ്ഞെടുപ്പോടെയാണ് ഇല്ലാതായത്.ഇതിന് പിന്നാലെ മലയോരത്ത് സ്ഥാനങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി അടിയറവെക്കേണ്ട അവസ്ഥയിലാണിപ്പോൾ ഗ്രൂപ്പ്.

കെ.പി.സി.സി ജനറൽ സെക്രട്ടറിയും എ ഗ്രൂപ്പുകാരനും കെ.സി. ജോസഫിന്റെ വലംകൈയുമായ അഡ്വ. സോണി സെബാസ്റ്റ്യനെ വെട്ടി കോൺഗ്രസ് ഹൈക്കമാന്റിന്റെ സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ കടുത്ത പ്രതിഷേധമുയർത്തിയെങ്കിലും പാർട്ടി പരിഗണിച്ചില്ല. സജീവ് ജോസഫ് വിജയിച്ചു വന്നിട്ടും എ ഗ്രൂപ്പുകാർ നിസ്സഹകരണം തുടരുകയുമാണ്.

അടുത്ത കാലം വരെ ഉദയഗിരി, ആലക്കോട്, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ തുടങ്ങിയ പഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയുമൊക്കെ എ.ഗ്രൂപ്പിന്റെ കൈയിലായിരുന്നു ഭരണം. എന്നാൽ ഇപ്പോൾ ശ്രീകണ്ഠാപുരം,​ ഏരുവേശ്ശി, ആലക്കോട് എന്നിവിടങ്ങളിലെ ഭരണം മാത്രമാണ് എ.ഗ്രൂപ്പിനുള്ളത്. ഇതിൽ ആലക്കോടിന്റെ ഭരണം രണ്ടര വർഷത്തിന് ശേഷം സുധാകരൻ ഗ്രൂപ്പുകാരനായ ജോസ് വട്ടമലയ്ക്ക് കൈമാറേണ്ടതുമുണ്ട്.

ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മൂന്ന് ബ്ലോക്ക് കമ്മിറ്റികളിൽ ആലക്കോട്, ശ്രീകണ്ഠാപുരം എന്നിവ എ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. ഗ്രൂപ്പുകൾക്കതീതമായി കോൺഗ്രസിനെ ശക്തിപ്പെടുത്തുകയെന്നതിനാണ് ഇപ്പോൾ നേതൃത്വം മുൻതൂക്കം നൽകുന്നത്. ഇതുകൊണ്ടാണ് എ വിഭാഗം ഇടഞ്ഞുനിന്നിട്ടും നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകി ബേബി ഓടംപള്ളിയെ തിരിച്ചെടുത്തത്. പാർട്ടി നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ലെന്നത് എ ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. ബേബിയെ പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് ആലക്കോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിജു ഓരത്തേൽ ഉൾപ്പെടെ അഞ്ച് നേതാക്കൾ രാജിവച്ചിട്ടുണ്ട്.

അതെ സമയം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളൊക്കെ അധികം വൈകാതെ പരിഹരിച്ചു മുന്നോട്ടുപോകുമെന്നാണ് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഇന്നലെ നടുവിലിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.