ബദിയടുക്ക: അന്തരിച്ച സാമൂഹ്യപ്രവർത്തകൻ സായിറാം കെ.എൻ ഗോപാലകൃഷ്ണഭട്ടിന്റെ മകൻ കെ.എൻ കൃഷ്ണഭട്ട് ബി.ജെ.പി സംസ്ഥാനസമിതി അംഗത്വവും പഞ്ചായത്തംഗത്വവും രാജിവെക്കുന്നു. ബദിയടുക്ക പഞ്ചായത്ത് അംഗത്വത്തിൽ നിന്നുള്ള രാജിക്കത്ത് കൃഷ്ണഭട്ട് ഇന്ന് സെക്രട്ടറിക്ക് നൽകും. പഞ്ചായത്തിലെ 14ാംവാർഡ് മെമ്പറാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ പ്രസിഡന്റായിരുന്ന കൃഷ്ണഭട്ട് കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേരുകയായിരുന്നു.

നിലവിലുള്ള 19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിലെ ബി ശാന്ത പ്രസിഡന്റും മുസ്ലിംലീഗിലെ എം അബ്ബാസ് വൈസ് പ്രസിഡന്റുമാണ്. കോൺഗ്രസ് 5, മുസ്ലിംലീഗ് 3, ബി.ജെ.പി 8, സി.പി.എം 2, ഇടതുസ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. കൃഷ്ണഭട്ട് രാജിവെക്കുതോടെ ബി.ജെ.പിയുടെ സീറ്റ് ഏഴായി കുറയും. ഇതോടെ 14ാംവാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഈ സാഹചര്യത്തിൽ ശക്തമായ പോരാട്ടം തന്നെയാകും ഉണ്ടാകുക. പിതാവ് സായിറാം ഭട്ടിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ അദ്ദേഹം അന്തരിച്ചതോടെ ഏറ്റെടുത്ത് നടത്തുന്നതിനാണ് കൃഷ്ണഭട്ട് സ്ഥാനമാനങ്ങൾ ഒഴിയുന്നത്‌.