തലശ്ശേരി: ധർമ്മടം തുരുത്തിലെത്തുന്ന സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയായി നിന്നിരുന്ന കപ്പൽ ഒടുവിൽ പൊളിച്ചുമാറ്റി തുടങ്ങി.രണ്ടരവർഷം മുമ്പ് കടൽക്ഷോഭത്തിൽ നിയന്ത്രണം വിട്ട് ധർമ്മടം തുരുത്തിന് സമീപം ഒഴുകിയെത്തിയ മാലിദ്വീപിന്റെ കപ്പലായ ഒഴിവാലിയാണ് പൊളിച്ചുതുടങ്ങിയത്.
2019 ആഗസ്റ്റ് എട്ടിനാണ് മാലിയുടെ പഴയ ചരക്ക് കപ്പൽ അവിചാരിതമായി ധർമ്മടത്ത് എത്തിയത്. മാലിദ്വീപിൽ നിന്നും അഴീക്കൽ സിൽക്കിലേക്ക് പൊളിക്കാൻ കൊണ്ടുപോവുന്നതിനിടയിലാണ് പുറംകടലിൽ വച്ച് വടം പൊട്ടി ഗതി മാറിയാണ് മണലിൽ ഉറച്ചുപോയത്. തീരത്ത് നിന്നും താൽക്കാലിക റോഡ് നിർമ്മിച്ച് ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കരയിലെത്തിച്ച് പൊളിക്കാനായിരുന്നു ആദ്യ തിരുമാനം. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് കപ്പൽ ഉറച്ചുപോയ സ്ഥലത്ത് വച്ച് തന്നെ പൊളിച്ചുതുടങ്ങിയത്. പൊളിച്ചുമാറ്റിയ ഭാഗങ്ങൾ കരക്കെത്തിച്ച് കണ്ണൂർ സിൽക്കിലേക്ക് മാറ്റുകയാണിപ്പോൾ.
കപ്പലിൽ നിന്നുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കലരുമെന്ന് ആശങ്കപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊളിക്കാനുള്ള നീക്കം നേരത്തെ തടസ്സപ്പെട്ടിരുന്നു. ഇതിൽ പിന്നീട് ജില്ലാ ഭരണകൂടവും ധർമ്മടത്തെ രാഷ്ടിയ നേതൃത്വവും ഇടപെട്ട് നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് കടലിൽതന്നെ പൊളിക്കാൻ ധാരണയായത്. '