പേരാവൂർ: കണ്ണൂർ വിമാനത്താവളവും വയനാട് ജില്ലയുമായി ബന്ധപ്പെടുന്ന അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ അലൈൻമെന്റ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികൾക്കായി പ്രദർശിപ്പിച്ചു. നാലുവരിപ്പാത കടന്നുപോകുന്ന മാലൂർ, പേരാവൂർ,കേളകം എന്നീ ടൗണുകളെ ഒഴിവാക്കി ബൈപ്പാസാണ് നിർമ്മിക്കുക. മാലൂർ പഞ്ചായത്തിലെ ചട്ടിക്കരിയിൽ നിന്നാരംഭിക്കുന്ന ബൈപ്പാസ് അവസാനിക്കുന്നത് വെള്ളർവള്ളി വായനശാലയ്ക്ക് സമീപമായാണ്. 300 മീറ്ററാണ് ബൈപ്പാസ് ദൂരം. വെള്ളർവള്ളി സ്‌കൂളിന് എതിർവശത്തുകൂടി കടന്നുപോകുന്ന റോഡിന്റെ അലൈൻമെന്റിൽ പേരാവൂർ തെരു ക്ഷേത്രം ഉൾപ്പെട്ടിട്ടുണ്ട്. തെരു ക്ഷേത്രത്തിന് സമീപത്തുളള കട സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നാണ് പേരാവൂർ ടൗൺ ഒഴിവാക്കിക്കൊണ്ടുള്ള ബൈപ്പാസ് ആരംഭിക്കുന്നത്. ഇത് പേരാവൂർ കെ.കെ.ടയേഴ്‌സിസിന് മുന്നിലൂടെയാണ് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നത്. പേരാവൂർ മണത്തണ തൊണ്ടിയിൽ ജംഗ്ക്ഷന് സമീപത്തു നിന്ന് റോഡിന്റെ ഇടതുഭാഗത്തേക്ക് മാറുന്ന പാത മണത്തണ സ്‌കൂൾ റോഡ് ജംഗ്ക്ഷനിലെത്തും.കണിച്ചാർ അതിർത്തി വരെ നിലവിലെ റോഡ് വീതി കൂട്ടിയാണ് നാലുവരിപ്പാത വരിക. കേളകം ടൗൺ ഒഴിവാക്കുന്നതിനായി മഞ്ഞളാംപുറം സ്‌കൂളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ബൈപ്പാസ് അടക്കാത്തോട് മുറിച്ചുകടന്ന് കേളകം വില്ലേജ് ഓഫീസിന് സമീപത്തു നിന്നുമാണ് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നത്. അലൈൻമെന്റിൽ മാറ്റം പ്രതീക്ഷിക്കാം അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള റോഡ് വീതി കൂട്ടി നാലുവരിപ്പാതയാക്കും. അമ്പായത്തോട്, പാൽച്ചുരം, ബോയ്‌സ് ടൗൺ ചുരം റോഡ് രണ്ടു വരിപ്പാതയായി നിർമ്മിക്കും. എന്നാൽ അലൈൻമെന്റിൽ ചിലയിടങ്ങളിൽ മാറ്റം വന്നേക്കാമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ ചുമതല കേരള റോഡ് ഫണ്ട് ബോർഡിനാണ്